അഞ്ചാം ടെസ്റ്റ് : മത്സര റദ്ദാക്കാമെന്ന് ബിസിസിഐ, കളിക്കാമെന്നു താരങ്ങൾ
Thursday, September 9, 2021 11:44 PM IST
മാഞ്ചസ്റ്റർ: ഇന്ത്യ x ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ അഞ്ചാം ടെസ്റ്റ് ഇന്നു മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡ് ക്രിക്കറ്റ് മൈതാനത്ത്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 മുതലാണു മത്സരം നടക്കേണ്ടത്. അഞ്ചാം ടെസ്റ്റ് നടക്കുമോ ഇല്ലയോ എന്നത് ഇന്നു മാത്രമേ വ്യക്തമാകൂ.
കാരണം, ഇന്ത്യൻ ടീമിന്റെ പരിശീലകർ കോവിഡ് രോഗത്തെത്തുടർന്ന് ക്വാറന്റൈനിലായിരുന്നു. നാലാം ടെസ്റ്റിന്റെ അവസാന ദിനങ്ങളിലായിരുന്നു അത്. ഇന്നലെ ടീമിലെ സഹ ഫിസിയോയ്ക്കും കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യൻ ടീം പരിശീലനം നിർത്തിവച്ചു. കളിക്കാർ കോവിഡ് ടെസ്റ്റിനു വിധേയരാകും.
മാഞ്ചസ്റ്റർ ടെസ്റ്റ് നടക്കുമോ എന്നു പറയാറായിട്ടില്ലെന്നായിരുന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പ്രതികരണം.
മുഖ്യ പരിശീലകൻ രവി ശാസ്ത്രി, ബൗളിംഗ് പരിശീലകൻ ഭരത് അരുണ്‍, ഫീൽഡിംഗ് കോച്ച് ആർ. ശ്രീധർ എന്നിവർക്ക് നാലാം ടെസ്റ്റിനിടെ കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ശാസ്ത്രിയുടെ സന്പർക്ക പട്ടികയിലുള്ള മുഖ്യ ഫിസിയോ നിതിൻ പട്ടേൽ ഉൾപ്പെടെ ക്വാറന്റൈനിലാണ്. ഫലത്തിൽ ഇന്ത്യൻ ടീമിനു നിലവിൽ ഫിസിയോ ഇല്ലാത്ത അവസ്ഥയാണുള്ളത്. അഞ്ച് മത്സര ടെസ്റ്റ് പരന്പരയിൽ ഇന്ത്യ 2-1 ന് മുന്നിലാണ്.