ഹാപ്പി വെഡിംഗ് ആനിവേഴ്സറി...ഡാഷയുടെ മെദ്വെഡ്
Monday, September 13, 2021 11:33 PM IST
ഇതുപോലൊരു വിവാഹ വാർഷിക സമ്മാനം ഡാഷ സ്വപ്നം കണ്ടിരിക്കില്ല. സ്വപനം പോലൊരു വിവാഹ വാർഷിക സമ്മാനമാണു ഡാഷയ്ക്ക് മുന്നിലെത്തിയത്. ഡാഷ ആരാണെന്നാണെങ്കിൽ യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസ് ജേതാവായ ഡാനിൽ മെദ്വദേവിന്റെ ഭാര്യയാണ്. ഡാറിയ എന്നാണ് യഥാർഥ പേര്, ഡാഷ എന്ന് മെദ്വദേവ് വിളിക്കും.
മെദ്വെഡ് എന്നാണ് സമൂഹമാധ്യമങ്ങളിൽ മെദ്വദേവിന്റെ പേര്. ഡാറിയയുടെയും മെദ്വെഡിന്റെയും ഒന്നാം വിവാഹ വാർഷിക ദിനമായിരുന്നു സെപ്റ്റംബർ 12. അതേ ദിനത്തിലായിരുന്നു യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസ് ഫൈനലും റഷ്യൻ താരത്തിന്റെ കിരീട നേട്ടവും. വിവാഹ വാർഷികത്തിന് യുഎസ് ഓപ്പണ്‍ തന്നെ സമ്മാനിച്ചിരിക്കുകയാണു മെദ്വദേവ്.
പ്രണയിനിയായിരുന്ന ഡാറിയയെ 2018 സെപ്റ്റംബർ 12നാണ് മെദ്വദേവ് വിവാഹം ചെയ്തത്. ഡാറിയ ജീവിതത്തിലെത്തിയതോടെയാണു തന്റെ കരിയർ ഗ്രാഫ് കുതിച്ചുകയറിയതെന്ന് മെദ്വദേവ് നേരത്തേ വെളിപ്പെടുത്തിയിരുന്നു.
വിവാഹത്തിനു മുന്‍പ് ടെന്നീസ് റാങ്കിൽ 65-ാം സ്ഥാനമായിരുന്നു. വിവാഹം കഴിഞ്ഞതിനുശേഷമുള്ള 10 മാസംകൊണ്ട് രണ്ടു ടൂർണമെന്റ് ജയിച്ചു, ആദ്യ 10 റാങ്കിൽ എത്തി- മെദ്വദേവ് മുന്‍പ് വെളിപ്പെടുത്തിയതാണിത്. ഇതിനോടൊപ്പം ഒന്നാം വിവാഹ വാർഷിക ദിനത്തിൽ കന്നി ഗ്രാൻസ്ലാം കിരീടം എന്നതുകൂടിയാകുന്പോൾ മെദ്വെഡിന്റെ ഡാഷ വാക്കുകൾക്ക് അതിരുണ്ടാകില്ല.
മെദ്വദേവിന്റെ സാന്പത്തിക, ട്രാവൽ വീസ കാര്യങ്ങളുടെ ചുമതല വഹിക്കുന്നതു ഡാഷയാണ്.
പഠിക്കാൻ പോയത് നീന്തൽ, പഠിച്ചത് ടെന്നീസ്
1996 ഫെബ്രുവരി 11ന് മോസ്കോയിലാണ് മെദ്വദേവിന്റെ ജനനം. മാസം തികയാതെയാണ് മെദ്വദേവ് ജനിച്ചത്. എട്ടാം മാസത്തിൽ ഭൂമിയിലെത്തിയ മെദ്വദേവിന് അതിന്റേതായ ആരോഗ്യ പ്രശ്നങ്ങൾ ചെറുപ്പത്തിലുണ്ടായിരുന്നു. അതുകൊണ്ട് റഷ്യയുടെ നിർബന്ധിത സൈനിക സേവനത്തിന്റെ ഭാഗമാകേണ്ടതായി വന്നില്ല.
ഒന്‍പതാം വയസിൽ അമ്മ ഓൾഗ മെദ്വദേവ് നീന്തൽ പഠിപ്പിക്കാൻ കൊണ്ടുപോയിടത്തുനിന്നാണു മെദ്വദേവിന്റെ ടെന്നീസിലേക്കുള്ള ജീവിത മാറ്റം.
ടെന്നീസ് പഠിപ്പിക്കുമെന്ന ഒരു പോസ്റ്റർ നീന്തൽ കുളത്തിനു സമീപത്തായി അവർ കണ്ടു. ആ പോസ്റ്ററിന്റെ വഴിയേ സഞ്ചരിച്ച മെദ്വദേവ് കുടുംബം പിൽക്കാലത്ത് ഫ്രാൻസിലേക്കു താമസം മാറ്റി. കൗമാരക്കാരനായ ഡാനിൽ മെദ്വദേവിന്റെ ടെന്നീസ് പഠനത്തിനായായിരുന്നു അത്.