ചെന്നൈ മന്നൻ... ഡൽഹിയെ കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎൽ ഫൈനലിൽ
Monday, October 11, 2021 12:37 AM IST
ദുബായ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പ്ലേ ഓഫിലെ ക്വാളിഫയർ ഒന്ന് പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നാല് വിക്കറ്റിനു കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ് ഫൈനലിൽ. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 172 റണ്‍സ് നേടി. ചെന്നൈ 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 173 അടിച്ചെടുത്ത് ജയിച്ചു.
ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ എം.എസ്. ധോണി ബൗളിംഗ് തെരഞ്ഞെടുത്തു. ക്രീസിലെത്തിയ ഡൽഹിയുടെ ഓപ്പണർമാരായ പൃഥ്വി ഷാ-ശിഖർ ധവാൻ കൂട്ടുകെട്ട് 3.1 ഓവറിൽ 36 റണ്‍സ് നേടി. എന്നാൽ, ധവാനെ (7 പന്തിൽ 7) പുറത്താക്കി ജോഷ് ഹെയ്സൽവുഡ് ഈ കൂട്ടുകെട്ട് തകർത്തു. ശ്രേയസ് അയ്യറും (1) അക്സർ പട്ടേലും (10) വന്നതും പോയതും വേഗത്തിൽ. 34 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറും അടക്കം 60 റണ്‍സ് നേടിയ പൃഥ്വി ഷായും പുറത്തായതോടെ ഡൽഹി 10.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 80. ക്യാപ്റ്റൻ ഋഷഭ് പന്തും (35 പന്തിൽ 51 നോട്ടൗട്ട്) ഹെറ്റ്മയറും (24 പന്തിൽ 37) ചേർന്ന് അഞ്ചാം വിക്കറ്റിൽ നടത്തിയ 83 റണ്‍സ് കൂട്ടുകെട്ടാണ് ഡൽഹിക്ക് മികച്ച സ്കോർ നൽകിയത്.

ചെന്നൈയ്ക്ക് ഇന്നിംഗ്സിലെ നാലാം പന്തിൽ ഫാഫ് ഡുപ്ലെസിസിനെ (1) നഷ്ടപ്പെട്ടു. സുരേഷ് റെയ്നയ്ക്കു പകരം ടീമിലെത്തിയ റോബിൻ ഉത്തപ്പയായിരുന്നു മൂന്നാമനായി ക്രീസിലെത്തിയത്. ഉത്തപ്പയുടെ (44 പന്തിൽ 63) കടന്നാക്രമണത്തിൽ ചെന്നൈ മുന്നേറി. ഓപ്പണർ ഋതുരാജ് ഗെയ്ക്വാദും (50 പന്തിൽ 70) ആക്രമണം അഴിച്ചുവിട്ടതോടെ ചെന്നൈ സ്കോർ 13.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 113ൽ എത്തി. നേരിട്ട 35-ാം പന്തിൽ ഉത്തപ്പ അർധസെഞ്ചുറി തികച്ചു. ഷാർദുൾ ഠാക്കൂർ (0), അന്പാട്ടി റായുഡു (1) എന്നിവർക്കു തിളങ്ങാനായില്ല. ഫിനിഷിംഗ് റോൾ ഏറ്റെടുത്ത ക്യാപ്റ്റൻ ധോണിയുടെ (6 പന്തിൽ 18 നോട്ടൗട്ട്) മികവിൽ ചെന്നൈ അവസാന ഓവറിൽ ജയം സ്വന്തമാക്കി ഫൈനലിലേക്ക് മുന്നേറി.