നരെയ്ൻ നായാട്ട്
Monday, October 11, 2021 11:49 PM IST
അബുദാബി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പ്ലേ ഓഫിലെ എലിമിനേറ്റർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നാല് വിക്കറ്റിനു കീഴടക്കി കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്വാളിഫയർ രണ്ട് പോരാട്ടത്തിന് യോഗ്യത സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 138ൽ ഒതുങ്ങി. കോൽക്കത്ത 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് എടുത്ത് ജയിച്ചു. നാളെ നടക്കുന്ന ക്വാളിഫയർ രണ്ട് പോരാട്ടത്തിൽ കോൽക്കത്ത ഡൽഹിയെ നേരിടും.
പന്ത് കൊണ്ടും (നാല് ഓവറിൽ 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റ്) ബാറ്റ് കൊണ്ടും (15 പന്തിൽ മൂന്ന് സിക്സ് ഉൾപ്പെടെ 26 റൺസ്) മിന്നും പ്രകടനം കാഴ്ചവച്ച സുനിൽ നരെയ്നാണ് കോൽക്കത്തയുടെ വിജയശിൽപ്പി.
വിരാട് കോഹ്ലി (39), ശിഖർ ഭരത് (9), ഗ്ലെൻ മാക്സ്വെൽ (15), എബി ഡിവില്യേഴ്സ് (11) എന്നിവരുടെ വിക്കറ്റാണ് നരെയ്ൻ സ്വന്തമാക്കിയത്.
നൈറ്റ് റൈഡേഴ്സിനായി ശുഭ്മാൻ ഗിൽ (29), വെങ്കിടേഷ് അയ്യർ (26), നിതീഷ് റാണ (23) എന്നിവർ തിളങ്ങി. ആർസിബി ക്യാപ്റ്റനായി കോഹ്ലിയുടെ അവസാന മത്സരമായിരുന്നു.