കറുപ്പിലെ വെറുപ്പ്...
Wednesday, October 27, 2021 12:47 AM IST
ദുബായ്: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനിടെ ബ്ലാക് ലൈവ്സ് മാറ്റർ വിഷയത്തിൽ വിവാദം. വർണവിവേചനത്തിനെതിരായ പ്രതിഷേധമായി കായികലോകത്ത് നടക്കുന്ന ഒറ്റക്കാൽ മുട്ടിൽനിന്നുള്ള പ്രതിഷേധത്തിനെതിരേ ദക്ഷിണാഫ്രിക്കൻ ടീം അംഗം ക്വിന്റണ്‍ ഡി കോക്ക് മുഖംതിരിച്ചതാണു പ്രശ്നകാരണം.
ഒരു കാൽ മുട്ടിൽ നിൽക്കാൻ ഡി കോക്ക് വിസമ്മതിച്ചു. അതോടെ വെസ്റ്റ് ഇൻഡീസിനെതിരായ പ്ലേയിംഗ് ഇലവണിൽനിന്നു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഡി കോക്കിനെ ദക്ഷിണാഫ്രിക്ക ഒഴിവാക്കി. ഡി കോക്ക് പിന്മാറുകയായിരുന്നെന്നും റിപ്പോർട്ടുണ്ട്.
മത്സരത്തിനു മുന്‍പ്, വർണവിവേചനത്തിനെതിരേ മുട്ടിലിരുന്ന് താരങ്ങൾ ഐക്യദാർഢ്യമർപ്പിക്കണമെന്നു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് നിർദേശിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ടീമിൽനിന്നു താരം മാറിനിൽക്കുകയായിരുന്നെന്നാണു റിപ്പോർട്ട്.
ലോകകപ്പിനു മുന്നോടിയായി നടന്ന പാക്കിസ്ഥാനെതിരായ സന്നാഹ മത്സരത്തിൽ ക്യാപ്റ്റനും കറുത്ത വർഗക്കാരനുമായി തെംബ ബൗമ ഉൾപ്പെടെയുള്ളവർ ഒറ്റക്കാർ മുട്ടിൽ മൈതാനത്തു നിന്നപ്പോൾ ക്വിന്റണ്‍ ഡി കോക്ക് അതു നോക്കിനിൽക്കുകയാണു ചെയ്തത്.
അതേസമയം, ഡി കോക്കിനെ വിമർശിച്ചും അനുകൂലിച്ചും സമൂഹമാധ്യമങ്ങളിലടക്കം ചർച്ച സജീവമായി. സ്വതന്ത്ര തീരുമാനം കൈക്കൊള്ളാനുള്ള വ്യക്തി സ്വാതന്ത്ര്യത്തിനെതിരായ നടപടിയാണു ഡി കോക്കിനെ ടീമിൽനിന്നു തഴഞ്ഞതെന്നാണ് ഒരു പക്ഷം.
എന്നാൽ, വർണവിവേചനത്തിന്റെ പേരിൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിലക്ക് നേരിട്ട ദക്ഷിണാഫ്രിക്കൻ ടീമിൽ ഡി കോക്കിനെ പോലെ മുതിർന്ന താരം ഇത്തരത്തിൽ പ്രതികരിക്കരുതെന്നും വാദമുയർന്നു.
ഓസീസ് മുൻ ഓൾറൗണ്ടറും കമന്റേറ്ററുമായ ഷെയ്ൻ വാട്സന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: വലിയ ഞെട്ടൽ, എന്തോ ആഭ്യന്തര പ്രശ്നം ദക്ഷിണാഫ്രിക്കൻ ടീമിൽ പുകയുന്നുണ്ട്.
ദക്ഷിണാഫ്രിക്കയിലെ ഭൂരിപക്ഷത്തിന്റെ അവകാശങ്ങളെ അടിച്ചമർത്തി ന്യൂനപക്ഷമായ വെള്ളക്കാരുടെ നാഷണൽ പാർട്ടി സർക്കാർ 1948 മുതൽ 1994വരെ നടപ്പാക്കിയ വംശവിവേചന നിയമവ്യവസ്ഥയായ അപ്പാർത്തീഡിന്റെ പേരിൽ ഐസിസിയുടെ വിലക്ക് നേരിട്ട ടീമാണു ദക്ഷിണാഫ്രിക്ക.
അപ്പാർത്തീഡിനെതിരായ പോരാട്ടം ശക്തമായതോടെ 1970 മുതൽ 1990വരെയായിരുന്നു ഐസിസിയുടെ വിലക്ക്. നിയമം പിൻവലിക്കാനുള്ള നീക്കം ആരംഭിച്ചതോടെ 1991ൽ ഐസിസി വിലക്ക് പിൻവലിച്ചു.