ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ; അൾജീരിയയെ വീഴ്ത്തി
Monday, January 17, 2022 11:41 PM IST
ജപോമ (കാമറൂണ്‍): ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ അൾജീരിയയ്ക്കു ഞെട്ടിക്കുന്ന തോൽവി. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് എക്വറ്റോറിയൽ ഗിനിയ 1-0ന് അൾജീരിയയെ തോൽപ്പിച്ചുകൊണ്ട് നടത്തിയത്. 70-ാം മിനിറ്റിൽ എസ്റ്റെബൻ ഒബിയാംഗാണ് ഗോൾ നേടിയത്.
തോൽവിയോടെ ഗ്രൂപ്പ് ഇയിൽ അൾജീരിയ അവസാനസ്ഥാനക്കാരായി. ആദ്യ മത്സരത്തിൽ സിയറ ലിയോണുമായി സമനിലയായിരുന്നു. അൾജീരിയയ്ക്ക് നോക്കൗട്ട് പ്രതീക്ഷ നിലനിർത്തണമെങ്കിൽ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നാലു പോയിന്റുമായി ഒന്നാമതുള്ള ഐവറി കോസ്റ്റിനെ തോൽപിക്കണം.
അൾജീരിയയുടെ 35 അന്താരാഷ്ട്ര മത്സരങ്ങളിൽ തോൽവി അറിയാതെയുള്ള കുതിപ്പാണ് തകർന്നത്. 2018 ഒക്ടോബറിൽ ബെനിനോട് 1-0ന് തോറ്റശേഷമുള്ള ആദ്യ തോൽവിയാണ്.
ഗ്രൂപ്പ് ഘട്ടത്തിൽ ഒരു റൗണ്ട് മത്സരം മാത്രം ശേഷിക്കവെ രണ്ട് ജയം വീതം സ്വന്തമാക്കി കാമറൂണ്‍, മൊറോക്കോ, നൈജീരിയ എന്നിവ പ്രീക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്.