സലാം ലോസ് ബ്ലാങ്കോസ്...
Monday, May 2, 2022 12:58 AM IST
സ്പാനിഷ് ലാ ലിഗ ഫുട്ബോൾ കിരീടം 35-ാം തവണയും റയൽ മാഡ്രിഡ് സ്വന്തമാക്കി. ലീഗിൽ റയലിന് നാലു മത്സരങ്ങൾ ശേഷിക്കേയാണ് കാർലോ ആൻസിലോട്ടിയുടെ കുട്ടികൾ കിരീടം ഉറപ്പിച്ചതെന്നത് ശ്രദ്ധേയം. സ്പെയിനിലെ വന്പൻ, യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ലോകത്തെ വൻശക്തി തുടങ്ങിയ വിശേഷണങ്ങൾ സ്വന്തമായുള്ള ടീമാണ് റയൽ മാഡ്രിഡ്. അതുകൊണ്ടുതന്നെ ലാ ലിഗയിൽ 35-ാം തവണയും മുത്തമിട്ടതിൽ അദ്ഭുതമില്ല.
ബാഴ്സലോണയാണ് റയലിനു ഭീഷണിയായി ലാ ലിഗയിലെ ഒരു സുപ്രധാന ശക്തി. സൂപ്പർ താരം ലയണൽ മെസിയുടെ കൊഴിഞ്ഞുപോകലും സാന്പത്തിക പ്രതിസന്ധിയും ബാഴ്സലോണയെ പ്രതിസന്ധിയിലാക്കി. ചാവി ഹെർണാണ്ടസിന്റെ വരവോടെയാണ് ബാഴ്സ ഒന്ന് ഉണർന്നത്. അപ്പോഴേക്കും റയൽ പോയിന്റ് നിലയിൽ ഏകപക്ഷീയ മുന്നേറ്റം നടത്തിയിരുന്നു.
സെവിയ്യയും അത്ലറ്റിക്കോ മാഡ്രിഡും അവരെകൊണ്ട് പറ്റുന്ന രീതിയിൽ ആഞ്ഞുപിടിച്ചെങ്കിലും ലോസ് ബ്ലാങ്കോസ് എന്ന ഓമനപ്പേരുകാരുടെ കിരീടധാരണം തടയാനോ വൈകിപ്പിക്കാനോ സാധിച്ചില്ല. എസ്പാന്യോളിനെ 0-4നു കീഴടക്കിയതോടെയാണ് റയൽ കിരീടം ഉറപ്പിച്ചത്. 34 മത്സരങ്ങളിൽ റയലിന് 81 പോയിന്റ് ആയി. രണ്ടാം സ്ഥാനത്തുള്ള സെവിയ്യയക്ക് ഇത്രയും മത്സരങ്ങളിൽ 64 പോയിന്റാണുള്ളത്. 33 മത്സരങ്ങളിൽ 63 പോയിന്റുള്ള ബാഴ്സലോണയാണ് മൂന്നാം സ്ഥാനത്ത്. 2021-22 സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും എവേ ഗ്രൗണ്ടിൽ കളിക്കേണ്ടിവന്ന റയൽ, എൽ ക്ലാസിക്കോയിൽ ബാഴ്സലോണയോട് 2-1നും വലെൻസിയയ്ക്ക് 4-1നും ഹോം ഗ്രൗണ്ടിൽ കാഡിഫിനോട് 1-0നുമെല്ലാം പരാജയപ്പെട്ടിരുന്നു എന്നതും ശ്രദ്ധേയം.
കരിം ബെൻസെമ
ക്രിസ്റ്റ്യാനോ റൊണാൾഡോ ഒഴിച്ചിട്ടുപോയ റയലിലെ താര സിംഹാസനത്തേക്ക് ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസെമ ഒറ്റയ്ക്ക് നടന്നു കയറിയ സീസണ് ആയിരുന്നു ഇത്. ലാ ലിഗയിൽ കരിം ബെൻസെമ ഇതുവരെ നേടിയത് 26 ഗോളുകൾ. റയലിന്റെ ചരിത്രത്തിൽ ഒരു സീസണിൽ 25ൽ അധികം ഗോൾ നേടുന്ന 10-ാമൻ എന്ന നേട്ടം ബെൻസെമ സ്വന്തമാക്കിയിരുന്നു. മാനുവൽ പസീനൊ, ആൽഫ്രെഡൊ ഡി സ്റ്റെഫാനോ, ഫ്രാങ്ക് പുഷ്കാസ്, ഹ്യൂഗൊ സാഞ്ചസ്, ഇവാൻ സമൊറാനൊ, റൗൾ ഗോണ്‍സാലെസ്, റൂഡ് വാൻ നിസ്റ്റൽറൂയ്, ഗോണ്‍സാലൊ ഹിഗ്വെയ്ൻ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്.
ഗോൾ നേട്ടത്തിനൊപ്പം അസിസ്റ്റിലും ലാ ലിഗയിൽ നന്പർ വണ്‍ ആണ് ബെൻസെമ. 11 അസിസ്റ്റ് ബെൻസെമ നടത്തി. ബെൻസി - വിൻസി (വിനീഷ്യസ് ജൂണിയർ) കൂട്ടുകെട്ടായിരുന്നു റയലിന്റെ കരുത്ത്. വിനീഷ്യസ് 14 ഗോളും ഒന്‍പത് അസിസ്റ്റും നടത്തിയ ബെൻസെമയ്ക്ക് പൂർണ പിന്തുണ നൽകി.
ആൻസിലോട്ടിയുടെ പഞ്ചതന്ത്രം
യൂറോപ്പിലെ മുൻനിര അഞ്ച് ലീഗ് കിരീടങ്ങളും നേടുന്ന മാനേജർ എന്ന നേട്ടം റയലിന്റെ ലാ ലിഗ കിരീടത്തിലൂടെ ഇറ്റലിക്കാരനായ കാർലോ ആൻസിലോട്ടി സ്വന്തമാക്കി. എസി മിലാനെ 2003-04 സീസണിൽ ഇറ്റാലിയൻ സെരി എ കിരീടത്തിലെത്തിയ ആൻസിലോട്ടി, ഇംഗ്ലീഷ് പ്രീമിയർ ലീഗ് (ചെൽസി 2009-10), ഫ്രഞ്ച് ലീഗ് വണ്‍ (പിഎസ്ജി 2012-13), ജർമൻ ബുണ്ടസ് ലിഗ (ബയേണ്‍ മ്യൂണിക് 2016-17) എന്നീ കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.