സന്തോഷം പരക്കട്ടെ... സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ കേരളം ഇന്ന് ബംഗാളിനെതിരേ
വി. മനോജ്
Monday, May 2, 2022 12:58 AM IST
മഞ്ചേരി: ഫുട്ബോളിലെ സമ്മോഹന മുഹൂർത്തം ഇതാ. ഇന്ത്യൻ ഫുട്ബാളിലെ ക്ലാസിക് പോര്. കേരളം - ബംഗാൾ പോരാട്ടം. സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാന്പ്യൻഷിപ്പിന്റെ ഡയമണ്ട് ജൂബിലി പതിപ്പിന്റെ ഫൈനലിൽ ഇരു ടീമുകളും നേർക്കുനേർ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഇന്നു രാത്രി എട്ടിനാണ് മത്സരം. കേരളവും ബംഗാളും ഏറ്റുമുട്ടുന്പോൾ ആരാധകർ കാത്തിരിക്കുന്നത് ത്രില്ലിംഗ് പോരാട്ടത്തിന്. സെമിയിൽ കർണാടകത്തെ മൂന്നിനെതിരെ ഏഴു ഗോളുകൾക്കു തരിപ്പണമാക്കിയാണ് കേരളം ഫൈനലിലേക്കു എത്തിയതെങ്കിൽ ബംഗാൾ വന്നത് മണിപ്പുരിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് കീഴടക്കിയാണ്. ചാന്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ കേരളം 15-ാം ഫൈനലിനും ബംഗാൾ 46-ാം ഫൈനലിനുമാണ് ഒരുങ്ങുന്നത്.
ഏഴാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുക എന്നു മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ കോച്ച് ബിനോ ജോർജ് വ്യക്തമാക്കി. ബംഗാളിനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ ജയിച്ചെങ്കിലും അതൊരു മുൻതൂക്കമായി കണക്കാക്കുന്നില്ല. ഇന്നു അരങ്ങേറുന്നത് പുതിയ മത്സരമായാണ് കാണുന്നത്. അതിനനുസരിച്ചായിരിക്കും തന്ത്രങ്ങൾ മെനയുകയെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണം തന്നെ മന്ത്രം
ആക്രമണ ഫുട്ബോളിന്റെ വക്താക്കളാണ് കേരളവും ബംഗാളും. രണ്ടു ടീമിന്റെയും ശക്തി കരുത്തുറ്റ മുന്നേറ്റനിരയാണ്. കേരളത്തിന്റെ ഗോളടിയന്ത്രം നായകനും മധ്യനിരയിലെ സൂപ്പർതാരവുമായ ജിജോ ജോസഫാണ്. വജ്രായുധം മറ്റൊരാളാണ്. അത് കർണാടകയ്ക്കെതിരായ സെമിയിൽ പകരക്കാരനായി ഇറങ്ങി അഞ്ചു ഗോളുകൾ അടിച്ചുകൂട്ടിയ ടി.കെ. ജെസിനാണ്. ഇതുവരെ ഒരു കളിയിൽ പോലും ആദ്യ ഇലവനിൽ ഇറങ്ങിയില്ലെങ്കിലും ആറു ഗോളുമായി ടോപ് സ്കോറർ പദവിയിലാണ് ജെസിൻ. ജിജോ ആദ്യ കളിയിൽ രാജസ്ഥാനെതിരെ ഹാട്രിക്കും പഞ്ചാബിനെതിരെ രണ്ടു ഗോളുമടിച്ചാണ് അഞ്ചു ഗോൾ നേടിയത്. പ്രധാന സ്ട്രൈക്കറായ വിഘ്നേഷിനു ഇതുവരെ ഗോൾ കണ്ടെത്താൻ കഴിയാത്തത് മാത്രമാണ് കേരളത്തിനു നേരിയ സങ്കടം ഉണ്ടാക്കുന്നത്.
മൊല്ലയെ കരുതുക
ജിജോ ഉൾപ്പെടെയുള്ള കേരള താരനിരയെ പിടിച്ചുകെട്ടുക എന്നതാണ് ബംഗാൾ പ്രതിരോധത്തിന്റെ കനത്ത വെല്ലുവിളി. ഇവിടെ വിജയിച്ചാൽ മാത്രമേ ബംഗാളിനു പ്രതീക്ഷയ്ക്ക് വകയുള്ളൂ. മറുവശത്ത് ബംഗാൾ നിരയിൽ കേരളം ഏറെ കരുതിയിരിക്കേണ്ടത് ഫർദിൻ അലി മൊല്ല എന്ന അണ്ടർ- 21 താരത്തെയാണ്. നിലവിൽ അഞ്ചു ഗോളുമായി മികച്ച ഫോമിലാണ് ഫർദിൻ അലി.
അർധാവസരങ്ങൾ പോലും വലയിലെത്തിക്കാൻ കഴിവുള്ള താരമാണ് ഫർദിൻ. മറ്റൊരു പ്രധാന സ്ട്രൈക്കറായ ശുഭാം ഭൗമിക് ആദ്യ കളിയിൽ പഞ്ചാബിനെതിരെ വിജയഗോൾ നേടിയതൊഴിച്ചാൽ പിന്നീട് പൂർണ പരാജയമായിരുന്നു. പല മത്സരങ്ങളിലും ഭൗമിക്കിനെ ആദ്യ പകുതിയിൽ തന്നെ കോച്ച് പിൻവലിച്ചിരുന്നു. മണിപ്പുരിനെതിരായ സെമിയിൽ ഭൗമിക്കിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയില്ല. ഇന്നും ആദ്യ ഇലവനിൽ ഭൗമിക് ഇറങ്ങാൻ സാധ്യതയില്ല. ഇന്ന് ഭൗമിക്കിന് പകരം ദിലീപ് ഒറാൻ തന്നെയായിരിക്കും ആദ്യ ഇലവനിൽ ഇടംപിടിക്കാൻ സാധ്യത.
പോരാട്ടം മധ്യനിരയിൽ
മധ്യനിരയിൽ മുൻതൂക്കം ആതിഥേയർക്ക്. നായകൻ ജിജോ നേതൃത്വം നൽകുന്ന മധ്യനിരയിൽ ബംഗാളിനേക്കാൾ മുൻതൂക്കം കേരളത്തിനാണ്. ജിജോയ്ക്കൊപ്പം അർജുൻ ജയരാജും മുഹമ്മദ് റാഷിദും നിജോ ഗിൽബർട്ടും ഷിഗിലും മധ്യനിരയിൽ പന്തുകൊണ്ട് ഇന്ദ്രജാലം കാട്ടാനിറങ്ങുന്പോൾ എതിരാളികൾക്ക് ഉറക്കം നഷ്ടപ്പെടുന്ന നിമിഷങ്ങളാണ് ഉണ്ടാവുകയെന്നു ഉറപ്പ്. ബംഗാളിന്റെ മധ്യനിരയും മികച്ചതാണ്.
മണിപ്പുരിനെതിരായ സെമിയിൽ മികച്ച പ്രകടനം നടത്തുകയും ചെയ്തു. മഹിതോഷ് റോയ്, ബസുദേവ് മന്ദി, തൻമയ് ഘോഷ്, സജൽ ബാഗ്, ബബ്ലു ഒറാൻ എന്നിവരടങ്ങിയ എതിർ മധ്യനിര എതിരാളികളുടെ താളം തെറ്റിക്കാൻ പോന്നവരാണെന്ന് മാത്രമല്ല, ഗോളടിക്കാൻ കഴിവുള്ളവരുമാണ്. കളിമെനയുന്നതിനൊപ്പം ഗോളടിക്കാൻ കഴിവുള്ളവരുമാണെങ്കിലും കഴിഞ്ഞ മത്സരങ്ങളിലൊന്നും അവർ അവസരത്തിനൊത്തുയർന്നിട്ടില്ല.
ലക്ഷ്യം കിരീടം മാത്രം: ബിനോ ജോർജ്
ആക്രമിച്ചു കളിക്കുകയാണ് കേരളത്തിന്റെ ശൈലി. അതിൽ മാറ്റം ഉണ്ടാകില്ലെന്നും കിരീടമാണ് ലക്ഷ്യമെന്നും കേരളാടീം മുഖ്യപരിശീലകൻ ബിനോ ജോർജ് പറഞ്ഞു. ഫൈനൽ ഒരു ഡൂ ഓർ ഡൈ മത്സരമായിരിക്കും. അർജുൻ ജയരാജ്, അജയ് അലക്സ്, ജെസിൻ എന്നിവർക്ക് ചെറിയ പരിക്കുണ്ട്. എന്നാൽ ഇതു പരാതി പറഞ്ഞു നിൽക്കേണ്ട സമയമല്ല, കർണാടകക്കെതിരെ വരുത്തിയ പിഴവുകൾ നികത്തി മുന്നോട്ടു പോകും. എല്ലാവരുടെയും പിന്തണയും പ്രാർഥനയും വേണം- ബിനോ പറഞ്ഞു.
മത്സരം കടുക്കും: രഞ്ജൻ ഭട്ടാചാര്യ
കേരളം -ബംഗാൾ ഫൈനൽ കടുപ്പമേറിയ മത്സരമായിരിക്കുമെന്നു ബംഗാൾ പരിശീലകൻ രഞ്ജൻ ഭട്ടാചാര്യ മാധ്യമങ്ങളോടു പറഞ്ഞു. മത്സരത്തിൽ ഹാഫ് ചാൻസുകൾ മുതലാക്കുന്നവർക്കു ജയിക്കാനാകും. കേരളത്തിന്റെയും ബംഗാളിന്റെയും ശൈലി ഒരേ പോലെയാണ്. കേരളാ പരിശീലകൻ ബിനോ ജോർജ് അടുത്ത സുഹൃത്താണ്. പക്ഷെ ഫൈനലിലെ 90 മിനിറ്റിൽ അദ്ദേഹം എന്റെ ശത്രുവാണ്. സെമിയിൽ കേരളത്തിനെതിരെ കർണാടക മോശം പ്രകടനമാണ് കാഴ്ചവച്ചതെന്നും ബംഗാൾ പരിശീലകൻ കൂട്ടിചേർത്തു.
ശ്രദ്ധിക്കുക
മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോൾ ചാന്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരങ്ങൾ ഇന്നു നടക്കും. ഓണ്ലൈൻ ടിക്കറ്റുകൾ എടുത്തവർ വൈകീട്ട് നാലു മുതൽ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കണം. വൈകീട്ട് 7.30ന് മുന്പായി ടിക്കറ്റുകൾ എടുത്തവർ ഇരിപ്പിടത്തിൽ എത്തിച്ചേരണം. 7.30 ന് ശേഷം സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ അടക്കും. തിരക്കു നിയന്ത്രിക്കാൻ ഫൈനലിന്റെ ഓഫ്ലൈൻ കൗണ്ടർ ടിക്കറ്റുകളുടെ വിൽപ്പന വൈകീട്ട് നാലിന് തന്നെ ആരംഭിക്കും. പതിവുപോലെ സ്റ്റേഡിയത്തിനു സമീപം ഓഫ്ലൈൻ ടിക്കറ്റുകളുടെ കൗണ്ടർ സജീവമായിരിക്കും. ഫൈനൽ കാണാനെത്തുന്ന ആറു വയസിനു മുകളിലുള്ള എല്ലാവർക്കും ടിക്കറ്റ് നിർബന്ധമാണ്.