ജയിച്ചു, മുംബൈ!
Friday, May 13, 2022 12:19 AM IST
മുംബൈ: ഒടുവിൽ മുംബൈ ഇന്ത്യൻസ് ജയിച്ചു. എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിനെയാണ് രോഹിതിന്റെ മുംബൈ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റു ചെയ്ത ചെന്നൈ വെറും 97 റണ്‍സിന് എല്ലാവരും പുറത്തായി. മുംബൈ 14.5 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈയെ, ഡാനിയൽ സാംസിന്റെ ഉജ്ജ്വല ബൗളിംഗാണു തകർത്തത്. ഋതുരാജ് ഗെയ്ക്വാദ് (7) ഡെവണ്‍ കോണ്‍വേ (0), മോയിൻ അലി (0)എന്നിവരായിരുന്നു 16 റണ്‍സ് വഴങ്ങിയ മൂന്നു വിക്കറ്റ് വീഴ്ത്തിയ സാംസിന്റെ ഇരകൾ. ഒരു ഘട്ടത്തിൽ 39/6 എന്ന നിലയിലായിരുന്നു ചെന്നൈ. 36 റണ്‍സ് നേടിയ നായകൻ ധോണിക്കു മാത്രമാണു പോരാട്ടവീര്യം പുറത്തെടുക്കാനായത്. മുംബൈക്കായി റിലെ മെറിഡിത്ത്, കുമാർ കാർത്തികേയ എന്നിവർ രണ്ടു വിക്കറ്റ് വീഴ്ത്തി.
മറുപടിപറഞ്ഞ മുംബൈക്ക് തുടർക്കംമുതൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും തിലക് വർമ (32 പന്തിൽ 34) യുടെ പോരാട്ടം ലക്ഷ്യം മറികടക്കാൻ സഹായിച്ചു. രോഹിത് (18), ഹൃതിക് ഷോകീൻ (18), ടിം ഡേവിഡ് (ഏഴു പന്തിൽ 16) എന്നിവരാണ് രണ്ടക്കം കടന്നവർ. ചെന്നൈക്കായി മുകേഷ് ചൗധരി മൂന്നും സിമ്രൻജീത്, മോയിൻ അലി എന്നിവർ ഓരോ വിക്കറ്റും നേടി.
ഇരുടീമുകളുടെയും പ്ലേഓഫ് പ്രതീക്ഷകൾ നേരത്തെതന്നെ അവസാനിച്ചിരുന്നു. തോൽവിയോടെ ചെന്നൈ ഐപിഎല്ലിൽനിന്നുള്ള പുറത്താകൽ ഉറപ്പിച്ചു.