വീണ്ടും പ്രജ്ഞാനന്ദ; വീണ്ടും കാള്സണ്
Sunday, May 22, 2022 2:24 AM IST
ന്യൂഡൽഹി: ഈ വർഷം രണ്ടാം തവണയും ലോക ചെസ് ചാന്പ്യൻ മാഗ്നസ് കാൾസണെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാരതാരം ഗ്രാൻഡ് മാസ്റ്റർ ആർ. പ്രജ്ഞാനന്ദ. ഇത്തവണ ചെസബിൾ മാസ്റ്റേഴ്സ് ഓണ്ലൈൻ റാപ്പിഡ് ചെസ് ടൂർണമെന്റിൽ വെള്ളിയാഴ്ച നടന്ന അഞ്ചാം റൗണ്ട് മത്സരത്തിലാണു പ്രജ്ഞാനന്ദ രണ്ടാം തവണയും ലോകചാന്പ്യനെ തറപറ്റിച്ചത്.
ഫെബ്രുവരിയിൽ നടന്ന എയർതിംഗ്സ് മാസ്റ്റേഴ്സ് ഓണ്ലൈൻ റാപ്പിഡ് ചെസ് ടൂർണമെന്റിൽ പ്രജ്ഞാനന്ദ കാൾസനെ പരാജയപ്പെടുത്തിയിരുന്നു. ജയത്തോടെ 12 പോയിന്റുള്ള പ്രജ്ഞാനന്ദ ടൂർണമെന്റിന്റെ നോക്കൗട്ട് റൗണ്ടിലെത്താനുള്ള സാധ്യതയേറി. ചൈനയുടെ വെയ് യിയാണു നിലവിൽ ഒന്നാമത്.