ഗോൾഡൻ സ്റ്റേറ്റ്സ് ചാന്പ്യന്മാർ
Friday, June 17, 2022 11:39 PM IST
ബോസ്റ്റണ്‍: 2021-22 സീസണ് എൻബിഎ ബാസ്കറ്റ്ബോൾ കിരീടം ഗോൾഡൻ സ്റ്റേറ്റ് വാരിയേഴ്സിന്. സ്റ്റീഫൻ കറെയുടെ തകർപ്പൻ പ്രകടനമാണു ഗോൾഡൻ സ്റ്റേറ്റ്സിനെ എൻബിഎ ഫൈനൽസ് കിരീടത്തിലെത്തിച്ചത്.
ആറു മത്സരങ്ങളുടെ പരന്പരയായ ഫൈനൽസിൽ 4-2നാണു ഗോൾഡൻ സ്റ്റേറ്റ്സ് ബോസ്റ്റണ്‍ സെൽട്ടികിനെ പരാജയപ്പെടുത്തിയത്. അവസാന മത്സരത്തിൽ ഗോൾഡൻ സ്റ്റേറ്റ് 103-90ന്റെ ജയം സ്വന്തമാക്കി.
ഫൈനൽസിൽ ഒരിക്കൽക്കൂടി തകർപ്പൻ പ്രകടനമാണു കറെ പുറത്തെടുത്ത്. 34 പോയിന്റ് നേടിയ താരം ഏഴ് അസിസ്റ്റും ഏഴ് റീബൗണ്ടുകളും സ്വന്തം പേരിൽ കുറിച്ചു. ഫൈനൽസിനെ എംവിപി (മോസ്റ്റ് വാല്യുബിൾ പ്ലെയർ) പുരസ്കാരത്തിലും അർഹനായി. കരിയറിൽ ആദ്യമായാണു കറെയെത്തേടി എംവിപി പുരസ്കാരമെത്തുന്നത്.
ഇതോടെ ഗോൾഡൻ സ്റ്റേറ്റ് പരിശീലകൻ സ്റ്റീവ് കെറിന്റെ പേരിൽ നാലു കിരീടങ്ങളായി. കെറിന്റെ കരിയറിലെ ഒന്‍പതാമത്തെ എൻബിഎ കിരീടനേട്ടമാണിത്. കളിക്കാരനായി കെർ അഞ്ചു തവണ എൻബിഎ കിരീടത്തിൽ മുത്തിട്ടിട്ടുണ്ട്.