ഒന്നാം സ്ഥാനം പിടിമുറുക്കി വെഴ്സ്റ്റപ്പൻ
Tuesday, June 21, 2022 12:00 AM IST
മോണ്ട്രിയൽ: ഫോർമുല വണ്‍ റേസിംഗിൽ ഒന്നാം സ്ഥാനത്തു പിടിമുറുക്കി നിലവിലെ ലോക ചാന്പ്യൻ റെഡ്ബുള്ളിന്റെ മാക്സ് വെഴ്സ്റ്റപ്പൻ. കനേഡിയൻ ഗ്രാൻപ്രീയിലെ ജയത്തോടെ ഡ്രൈവർമാരുടെ പട്ടികയിൽ 175 പോയിന്റുമായി നെതർലൻഡ്സിന്റെ വെഴ്സ്റ്റപ്പൻ ഒന്നാം സ്ഥാനത്താണ്.
129 പോയിന്റുമായി റെഡ്ബുള്ളിന്റെതന്നെ സെർജിയോ പെരെസ് രണ്ടാമതുണ്ട്. ഫെരാറിയുടെ ചാൾസ് ലെക് ലെർക് 126 പോയിന്റുമായി മൂന്നാമതും. പോൾ പൊസിഷനിൽ ഒന്നാമതായിരുന്ന വെഴ്സ്റ്റപ്പൻ തുടക്കം മുതലേ ആധിപത്യം പുലർത്തി.
എന്നാൽ അവസാന ലാപ്പിൽ ഫെരാറിയുടെ കാർലോസ് സെയ്ൻസിൽനിന്നു വെല്ലുവിളി നേരിടേണ്ടിവന്നു. അവസാനം നെതർലൻഡ്സ് താരം 1:36:21.757 സെക്കൻഡ് സമയത്തിൽ ഫിനിഷ് ചെയ്തു. സെയ്ൻസ് രണ്ടാം സ്ഥാനത്തെത്തി.
ഏഴു തവണ ലോക ചാന്പ്യനായ ലൂയിസ് ഹാമിൽട്ടണ് മൂന്നാമതെത്തി. സീസണിൽ ഒന്‍പതു റേസുകൾ പൂർത്തിയായപ്പോൾ വെഴ്സ്റ്റപ്പൻ ആറിലും ഒന്നാം സ്ഥാനത്തെത്തി.