രഞ്ജി ട്രോഫി ഫൈനൽ പോരാട്ടം ഇന്നുമുതൽ ബംഗളുരുവിൽ
Wednesday, June 22, 2022 12:04 AM IST
ബംഗളുരു: രഞ്ജി ട്രോഫി ഫൈനൽ പോരാട്ടം ഇന്നുമുതൽ ബംഗളുരുവിൽ. മുംബൈ 42-ാം രഞ്ജി കിരീടത്തിലേക്കു കണ്ണുവയ്ക്കുന്പോൾ, കൂട്ടായ്മയിലാണു മധ്യപ്രദേശിന്റെ പ്രതീക്ഷ.
കിരീടത്തിൽ കുറഞ്ഞതൊന്നും മധ്യപ്രദേശ് പരിശീലകൻ ചന്ദ്രകാന്ത് പാട്ടീൽ ആഗ്രഹിക്കുന്നില്ല. എന്നാൽ സീസണിന്റെ തുടക്കം മുതൽ പുലർത്തുന്ന മേധാവിത്വം അമോൽ മജുംദാറിന്റെ മുംബൈ കുട്ടികൾക്കു മുൻതൂക്കം നൽകുന്നു.
അവസാന അഞ്ചു മത്സരങ്ങളിൽനിന്ന് എണ്ണൂറിലധികം റണ്ണടിച്ചുകൂട്ടിയ സർഫ്രാസ് ഖാന്റെ പ്രകടനമാണു മുംബൈക്കു മുൻഗണന നൽകുന്ന ആദ്യഘടകം. സെമിയിൽ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി ഉൾപ്പെടെ അവസാന നാല് ഇന്നിംഗ്സിൽ മൂന്നു സെഞ്ചുറി കണ്ടെത്തിയ യുവതാരം യശസ്വി ജയ്സ്വാൾ ഫോമിന്റെ ഉയരത്തിലുമാണ്.
പൃഥ്വി ഷായും അർമാൻ ജാഫറും ചേരുന്പോൾ മുംബൈയുടെ ഗ്രാഫ് ഉയർന്നുതന്നെ നിൽക്കും. ഇടംകൈയൻ സ്പിന്നർ ഷാംസ് മുലാനി (37 വിക്കറ്റ്, 292 റണ്‍സ്), ഓഫ് സ്പിന്നർ തനുഷ് കോട്ടിയൻ (18 വിക്കറ്റ്, 236 റണ്‍സ്) എന്നിവരുടെ പ്രകടനങ്ങളും എടുത്തുപറയേണ്ടതാണ്.
സമീപകാലത്തു പ്രകടനം ഏറ്റവും മെച്ചപ്പെടുത്തിയ ടീമാണു മധ്യപ്രദേശ്. പണ്ഡിറ്റിനു കീഴിൽ കളിക്കാർ പുലർത്തുന്ന അച്ചടക്കമാണു ടീമിന്റെ സവിശേഷത. സെമിയിൽ വെങ്കടേഷ് അയ്യരുടെയും ആവേശ് ഖാന്റെയും സേവനം നഷ്ടപ്പെട്ടെങ്കിലും കുമാർ കാർത്തികേയ ഈ കുറവ് അറിയിച്ചില്ല. രജത് പടിദാറിന്റെ ബാറ്റിംഗിൽ ടീം ഏറെ പ്രതീക്ഷ വയ്ക്കുന്നുണ്ട്.