നെതര്‍ലന്‍ഡ്സ് താരം ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമില്‍
Wednesday, June 22, 2022 12:04 AM IST
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിന്റെ യൂറോപ്യൻ പര്യടനത്തിനുള്ള ടീമിൽ ഇടംപിടിച്ചു മുൻ നെതർലൻഡ്സ് ഓൾറൗണ്ടർ മൈക്കൽ റിപ്പണ്‍. അടുത്ത മാസം മുതൽ നടക്കുന്ന അയർലൻഡ്, സ്കോട്ലൻഡ്, നെതർലൻഡ്സ് പരിമിത ഓവർ പര്യടനത്തിനുള്ള 15 അംഗ കിവീസ് ടീമിലാണ് ഇടംകൈയൻ സ്പിന്നറും ലോവർ ഓർഡർ ബാറ്ററുമായ റിപ്പണ്‍ ഇടംപിടിച്ചത്.
നെതർലൻഡ്സിന് മികച്ച ഓൾ റൗണ്ടറായിരുന്നു റിപ്പണ്‍. അടുത്തിടെ ന്യൂസിലൻഡിനെതിരേ നടന്ന സൂപ്പർ ലീഗ് പരന്പരയിലെ മൂന്ന് ഏകദിനമടക്കം 31 തവണയാണ് താരം ഡച്ച് ടീമിന്റെ ദേശീയ ജേഴ്സിയണിഞ്ഞത്. പരന്പരയിൽ മൂന്നു വിക്കറ്റും ഒരു അർധസെഞ്ചുറിയും കുറിക്കാൻ റിപ്പണായി. ന്യൂസിലൻഡ് പ്ലെയിംഗ് ഇലവനിൽ ഇടംപിടിച്ചാൽ നെതർലൻഡ്സിനെതിരേ റിപ്പണ്‍ കളിക്കേണ്ടിവരും.
2013ൽ ന്യൂഡിലൻഡ് പൗരത്വം നേടിയ റിപ്പണ്‍, ഒരു ദേശീയ ടീമിൽ കളിക്കുന്നതിനോടൊപ്പംതന്നെ ഒരു അസോസിയേറ്റ് രാജ്യത്തിനായും കളിക്കാമെന്ന ഐസിസിയുടെ എലിജിബിലിറ്റി റൂൾസ് അടിസ്ഥാനമാക്കിയാണു നെതർലൻഡ്സിനായി കളിച്ചിരുന്നത്. ഒരു മുഴുവൻ അംഗ (ടെസ്റ്റ്) രാജ്യത്തിനായുള്ള ടീമിൽ ഇടംപിടിച്ചുകഴിഞ്ഞാൽ പിന്നെ മൂന്നു വർഷത്തേക്ക് അസോസിയേറ്റ് രാജ്യത്തിനായി കളിക്കാൻ കഴിയില്ല.