ഗ്രൗണ്ടിലിറങ്ങി ചീത്തവിളി; മൗറീഞ്ഞോയ്ക്ക് റെഡ്
Tuesday, September 20, 2022 12:16 AM IST
റോം: എഎസ് റോമ പരിശീലകൻ ഹൊസെ മൗറിഞ്ഞോയ്ക്കു ചുവപ്പുകാർഡ്. ഇറ്റാലിയൻ സീരി എയിൽ അറ്റലാന്റയ്ക്കെതിരായ മത്സരത്തിനിടെ ഗ്രൗണ്ടിലിറങ്ങി റഫറിയോടു കയർത്തതിന്റെ പേരിലാണു മൗറിഞ്ഞോയെ പുറത്താക്കിയത്.
റോമയുടെ നിക്കോളോ സാനിയോളയെ അറ്റലാന്റ പ്രതിരോധതാരം ബോക്സിൽ വീഴ്ത്തിയെങ്കിലും റഫറി പെനൽറ്റി അനുവദിച്ചില്ല. ഗ്രൗണ്ടിലിറങ്ങിയ മൗറീഞ്ഞോ വാർ ഉപയോഗിക്കാൻ റഫറിയോടാവശ്യപ്പെട്ടു. എന്നാൽ റഫറി ആവശ്യം നിരസിച്ചു.
കുപിതനായ മൗറീഞ്ഞോ റഫറിയോടു മോശമായി സംസാരിച്ചു. ഇതേത്തുടർന്നാണു റഫറി മൗറീഞ്ഞോയ്ക്കു ചുവപ്പുകാർഡ് വിധിച്ചത്. അടുത്ത മത്സരത്തിൽ മൗറീഞ്ഞോയ്ക്കു റോമയ്ക്കൊപ്പം ചേരാനാവില്ല.