പിഴച്ചതെവിടെ?
Wednesday, September 21, 2022 11:28 PM IST
മുംബൈ: കുറച്ചുകാലം മുന്‍പത്തെ കാര്യമാണ്; രോഹിത് ശർമയും രാഹുൽ ദ്രാവിഡും സ്ഥാനമേറ്റെടുക്കുന്ന സമയം. ബാറ്റിംഗായിരുന്നു അന്ന് ഇന്ത്യയുടെ പ്രധാന പ്രശ്നം.
ടീമിലെ ബാറ്റർമാരെ വിശ്വാസത്തിലെടുത്ത്, അവർക്ക് ആത്മവിശ്വാസം നൽകി മുന്നോട്ടുകൊണ്ടുവരാൻ കുറച്ചുകാലമെടുത്തു. എന്നാലും ഫലം കിട്ടി. കഴിഞ്ഞ കുറച്ചു മത്സരങ്ങളിലെ നല്ല കാര്യങ്ങളെടുത്താൽ മെച്ചപ്പെട്ട ഇന്ത്യൻ ബാറ്റിംഗ് മുന്നിൽ നിൽക്കും.
എന്നാൽ, ഒന്നു ശരിയാക്കിയപ്പോൾ മറ്റൊന്നു തീരെ മോശമായി; വേറൊന്നു തകർച്ചയുടെ വക്കിലും. ബൗളിംഗിന്റെയും ഫീൽഡിംഗിന്റെയും കാര്യമാണ് പറഞ്ഞുവരുന്നത്. ആദ്യം ബാറ്റ് ചെയ്ത കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ അവസാന നാലോവറിൽ 54, 42, 41 എന്നിങ്ങനെയാണ് ഇന്ത്യ റണ്‍ വഴങ്ങിയത്. ഇതിൽ പ്രധാനപ്പെട്ട കാര്യം, മികച്ച സ്കോർ നേടിയശേഷമായിരുന്നു ഇന്ത്യയുടെ തോൽവിയെന്നതാണ്.
ബുംറയില്ലാത്ത ഭുവി
സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ അഭാവമാണ് ഇതിൽ എടുത്തുപറയേണ്ടത്. ബുംറയുടെ അഭാവത്തിൽ ബൗളിംഗിനെ നയിച്ച ഭുവനേശ്വർ കുമാർ മൂന്നു മത്സരങ്ങളിലെ 19-ാം ഓവർ എറിഞ്ഞു. 16, 14, 16 എന്നിങ്ങനെയാണ് ഈ ഓവറിൽ വഴങ്ങിയ റണ്‍സ്. ഭുവിക്ക് ഓവർ നൽകാൻ തീരുമാനമെടുത്തതിൽ തെറ്റില്ല. കാരണം ബുംറയുടെ അഭാവത്തിൽ ടീമിലെ മികച്ച ബൗളർ അദ്ദേഹമാണ്. എന്നാൽ ഈ ഓവറുകളിൽ ഭുവിക്കു ക്യാപ്റ്റന്റെ പ്രതീക്ഷ നിലനിർത്താനായില്ല.
2020 മുതൽ ഇതുവരെയുള്ള കണക്ക് പരിശോധിച്ചാൽ ട്വന്റി20യിൽ ഇന്ത്യയുടെ മൂന്നാമത്തെ മികച്ച ഡെത്ത് ഓവർ ബൗളറാണ് ഭുവനേശ്വർ കുമാർ. ഭുവിയേക്കാൾ മികച്ച റിക്കാർഡുള്ള അർഷ്ദീപ് സിംഗിനെയും ബുംറയെയും കഴിഞ്ഞ മത്സരങ്ങളിൽ കളിപ്പിച്ചില്ല. ഡെത്ത് ഓവറുകളിലെ ഭുവിയുടെ മുൻ പ്രകടനങ്ങൾ അദ്ഭുതാവഹമായിരുന്നു.
വലിയ പേസോ ബാറ്ററെ ഞെട്ടിക്കുന്ന ബൗളിംഗ് ആക്ഷനോ കൂടാതെ അദ്ദേഹം മികവ് നിലനിർത്തി. അതുകൊണ്ടുതന്നെ സമീപകാല മോശം പ്രകടനങ്ങളുടെ പേരിൽ അദ്ദേഹം വിമർശനമുനയിലാണ്. ട്വന്റി20 കരിയറിൽ ആദ്യമായാണ് ഭുവി 50 റണ്‍സിനുമേൽ ഒരു മത്സരത്തിൽ വഴങ്ങുന്നത്. അതുകൊണ്ടുതന്നെ ലോകകപ്പിനു മുന്‍പ് ഭുവി ഫോം വീണ്ടെടുക്കേണ്ടത് മാനേജ്മെന്റിനെ സംബന്ധിച്ചു നിർണായകമാണ്.
ഹർഷൽ ഹാപ്പിയല്ല
ഭുവിക്കൊപ്പം പേസ് ബൗളിംഗ് നയിച്ച ഹർഷൽ പട്ടേൽ 49 റണ്‍സാണ് ഓസ്ട്രേലിയയ്ക്കെതിരായ ആദ്യമത്സരത്തിൽ വഴങ്ങിയത്. ഇതിൽ 18-ാം ഓവറിലെ 22 റണ്‍സും ഉൾപ്പെടും. ഓസ്ട്രേലിയയിലെ സാഹചര്യങ്ങൾക്ക് ഏറെക്കുറെ സമാനമായതാണ് മൊഹാലിയിലെ പിച്ച്. അതുകൊണ്ടുതന്നെ പട്ടേലിന്റെ സ്ളോ ബോളുകൾ ലോകകപ്പിൽ ഫലിക്കുമോ എന്നതും ആശങ്കയ്ക്കു വക നൽകുന്നുണ്ട്.
ദ്രാവിഡിന്റെ ഭാവി!
ട്വന്റി20യിൽ ഇന്ത്യ കളിക്കുന്ന രീതിയിൽ ചില മാറ്റങ്ങളെങ്കിലും ആവശ്യമാണെന്നാണു സമീപകാല തോൽവികൾ നൽകുന്ന സൂചന. കുട്ടിക്രിക്കറ്റിൽ 200 റണ്‍സ് നല്ല സ്കോറാണ്. ജയിക്കാൻ ഭാഗ്യവും ടോസും തുണയ്ക്കണമെന്ന സ്ഥിരം വാചകങ്ങൾ അവിടെ നിൽക്കട്ടെ.
തോൽവിയുടെ ഉത്തരവാദിത്വത്തിൽനിന്ന് മാനേജ്മെന്റിനും നായകനും പരിശീലകനും ഒഴിഞ്ഞുമാറാനാകില്ല; പ്രത്യേകിച്ച് 24 പന്തിൽ 55 റണ്‍സ് ലക്ഷ്യം നാലു പന്ത് ബാക്കിനിൽക്കെ ഓസ്ട്രേലിയ വളരെ ലളിതമായി മറികടന്ന സാഹചര്യത്തിൽ. ഒരു കാര്യം ഉറപ്പാണ്.
ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ ഹണിമൂണ്‍ അവസാനിച്ചുകഴിച്ചു. തോൽവി തുടർന്നാൽ, വൻമതിലെന്നും മിസ്റ്റർ പെർഫെക്ടെന്നും സ്നേഹത്തോടെ വിളിച്ചവർ അദ്ദേഹത്തെ കല്ലെറിയുന്ന കാലം വിദൂരമല്ല.