ഇന്ത്യ x ദക്ഷിണാഫ്രിക്ക ട്വന്റി-20 ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിനായി കാര്യവട്ടം തയാർ
Monday, September 26, 2022 11:47 PM IST
തോമസ് വർഗീസ്
തിരുവനന്തപുരം: തിരുവനന്തപുരം: ഇന്ത്യ x ദക്ഷിണാഫ്രിക്ക ട്വന്റി-20 ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിനായി കാര്യവട്ടം സ്പോർട്സ് ഹബ്ബ് തയാർ. നാളെ വൈകുന്നേരം ഏഴിനാണു മത്സരം. ഇരു ടീമും തലസ്ഥാനത്തെത്തി. ഞായറാഴ്ചയെത്തിയ ദക്ഷിണാഫ്രിക്കൻ ടീം ഇന്നലെ സ്റ്റേഡിയത്തിൽ പരിശീലനം നടത്തി.
ഓസ്ട്രേലിയയ്ക്ക് എതിരായ ട്വന്റി-20 പരന്പരയ്ക്കുശേഷം ഹൈദരാബാദിൽനിന്നു പ്രത്യേക വിമാനത്തിൽ ഇന്നലെ വൈകുന്നേരമാണ് ഇന്ത്യൻ ടീം തിരുവനന്തപുരത്ത് എത്തിയത്. കോവളം ലീലാ ഹോട്ടലിലാണ് ഇരു ടീമും തങ്ങുന്നത്.
മത്സരത്തിനു മുന്നോടിയായുള്ള സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ പൂർത്തിയായി. മത്സരത്തിനായി മൂന്നു പിച്ചുകളും പരിശീലനത്തിനായി ആറു പിച്ചുകളുമാണു ക്രമീകരിച്ചത്. മികച്ച ബാറ്റിംഗ് പിച്ചാണു തയാറാക്കിയതെന്നാണു ക്യുറേറ്റർമാരുടെ അഭിപ്രായം.
അതുകൊണ്ടുതന്നെ റണ്ണൊഴുകാൻ സാധ്യതയുണ്ട്. രാത്രിയിൽ ചെറിയതോതിൽ മഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്കു താളം കണ്ടെത്താൻ പ്രയാസപ്പെടേണ്ടി വരും. അതുകൊണ്ടുതന്നെ ടോസ് നിർണായകമാകും. .
ഇന്ത്യ ഇന്ന് പരിശീലനത്തിനിറങ്ങും
ഇന്ത്യൻ ടീം ഇന്നു പരിശീലനത്തിനിറങ്ങും. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20 പരന്പര 2-1ന് ജയിച്ചതിന്റെ ആത്മവിശ്വാത്തിലാണു ടീം ഇന്ത്യ. സൂര്യകുമാർ യാദവ്, വിരാട് കോഹ്ലി ഉൾപ്പെടെയുള്ളവരുടെ ബാറ്റിംഗ് വിരുന്നിനായാണു മലയാളി ആരാധകരുടെ കാത്തിരിപ്പ്.
ഇന്ത്യൻ സംഘത്തെ കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സ്വീകരിച്ചു. താരങ്ങളെ കാണാൻ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആരാധകരായിരുന്നു വിമാനത്താവളത്തിൽ തടിച്ചുകൂടിയത്. സുരക്ഷാവലയത്തിൽ താരങ്ങൾ കോവളത്തെ സ്വകാര്യ ഹോട്ടലിലേക്കു പോയി.