റെഡി ടു സ്മാഷ്
Thursday, September 29, 2022 12:26 AM IST
കണ്ണൂർ: ഗുജറാത്തിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പങ്കെടുക്കാനുള്ള അവസാനഘട്ട തയാറെടുപ്പിലാണ് കേരള വനിതാ വോളിബോൾ ടീം. കണ്ണൂരിലെ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലാണ് ഇവരുടെ പരിശീലനം. 2015ലെ നാഷണൽ ഗെയിംസ് കിരീടം നിലനിർത്തുക എന്നതാണ് കേരള ലക്ഷ്യം.
ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ആശങ്കകൾ നിലനിന്നിരുന്നു. സ്പോർട്സ് കൗണ്‍സിൽ തെരഞ്ഞെടുത്ത ഈ ടീമിനു പുറമേ കേരള വോളിബോൾ അസോസിയേഷൻ മറ്റൊരു ടീമിനെയും പ്രഖ്യാപിച്ചിരുന്നു. തർക്കങ്ങളെത്തുടർന്ന് സുപ്രീംകോടതി കേരളത്തിന്റെ ഔദ്യോഗിക ടീമായി സ്പോർട്സ് കൗണ്‍സിൽ ടീമിനെ നിശ്ചയിച്ചു.
കഴിഞ്ഞ സംസ്ഥാന സീനിയർ വോളിബോൾ ചാന്പ്യൻഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിനെ തെരഞ്ഞെടുത്തത്. കെഎസ്ഇബി താരങ്ങളായ കെ.എസ്. ജിനി, എം. ശ്രുതി, കെ.പി. അനുശ്രീ, ടി. കൃഷ്ണ, മായ തോമസ്, അശ്വതി രവീന്ദ്രൻ, എസ്. സൂര്യ എന്നിവരും കേരള പോലീസ് താരങ്ങളായ അഞ്ജുമോൾ, എൻ. ശരണ്യ, എൻ.പി. അനഘ, ടി.പി. ആരതി എന്നിവരും റെയിൽവേ താരങ്ങളായ ദേവിക, ഏഞ്ചൽ ജോസഫ്, ജിൻസി ജോണ്സണ് എന്നിവരുമാണ് കേരളത്തിനായി കളത്തിലിറങ്ങുന്നത്. കെ.എസ്. ജിനിയാണ് ടീമിനെ നയിക്കുന്നത്. എം. ശ്രുതിയാണ് വൈസ് ക്യാപറ്റൻ.
കേരള സ്പോർട്സ് കൗണ്‍സിലിന്റെ പരിശീലകനായ വി. അനിൽ കുമാറാണ് മുഖ്യപരിശീലകൻ. വിനീഷ് കുമാർ, കെഎസ്ഇബി പരിശീലകയായ എം.കെ. പ്രജിഷ എന്നിവരാണ് സഹപരിശീലകർ.
ഒക്ടോബർ എട്ടു മുതൽ 14 വരെയാണ് നാഷണൽ ഗെയിംസിൽ വോളിബോൾ മത്സരം നടക്കുന്നത്.