കാര്യവട്ടത്ത് നീലക്കടൽ...
Thursday, September 29, 2022 12:26 AM IST
കാര്യവട്ടം: ആകാശം തെളിഞ്ഞുനിന്ന സന്ധ്യയിൽ കാര്യവട്ടം സ്പോർട്സ് ഹബ് നീലക്കടലായി മാറി. ഇന്ത്യ x ദക്ഷിണാഫ്രിക്ക ട്വിന്റി-20 ക്രിക്കറ്റ് മത്സരത്തെ തിരുവനന്തപുരം നെഞ്ചിലേറ്റി. വർഷങ്ങൾക്കുശേഷം വന്ന അന്താരാഷ്ട്ര മത്സരത്തെ ആവേശപൂർവമാണ് ക്രിക്കറ്റ് ആരാധകർ വരവേറ്റത്.
ഇന്നലെ രാവിലെ മുതൽ കേരളത്തിനകത്തുനിന്നും അയൽ സംസ്ഥാനങ്ങളിൽനിന്നും ക്രിക്കറ്റ് ആരാധകർ കാര്യവട്ടത്തേക്ക് ഒഴുകിയെത്തി. ഇന്ത്യൻ ജഴ്സിയും ത്രിവർണപതാകയും കൈയിലേന്തിയായിരുന്നു മത്സരം കാണാനെത്തിയവരേറെയും. കുട്ടിക്രിക്കറ്റിന്റെ ആവേശം കാര്യവട്ടത്ത് അലതല്ലിയ നിമിഷങ്ങൾ.
രാവിലെ മുതൽ സ്റ്റേഡിയത്തിനു മുന്നിൽ കാത്തു നിന്ന ആരാധകർക്കു വൈകുന്നേരം നാലരയോടെയാണ് സ്റ്റേഡിയത്തിനുള്ളിലേക്കു പ്രവേശിക്കാൻ കഴിഞ്ഞത്. പൊരിവെയിലും കനത്ത ചൂടും വകവയ്ക്കാതെ മണിക്കൂറുകളോളം നീണ്ട കാത്തിരിപ്പിനൊടുവിൽ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിച്ച ക്രിക്കറ്റ് പ്രേമികൾ ആർപ്പുവിളികളോടെ ഇരു ടീം അംഗങ്ങളെയും വരവേറ്റു. ആറുമണിയോടെ ഗാലറി നിറഞ്ഞു. എങ്ങും ആർപ്പുവിളികളും ആവേശവും.
വൈകുന്നേരം 5.30ഓടെ ദക്ഷിണാഫ്രിക്കൻ ടീമും 5.45ന് ഇന്ത്യൻ ടീമും സ്റ്റേഡിയത്തിലേക്കെത്തി. മലയാളിതാരം സഞ്ജു സാംസണിന്റെ പേരടക്കം പ്ലക്കാർഡായി ഉയർത്തിയും ആവേശത്തോടെ ആർപ്പുവിളിച്ചും ആരാധകർ ആവേശമായി.
വിരാട് കോഹ്ലിക്കും ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും മലയാളി ആരാധകർ ഏറെയുണ്ടെന്ന് ആർപ്പുവിളികളിൽ വ്യക്തമായിരുന്നു. ഇരുട്ടു വീണതോടെ ഗാലറിയിലിരുന്ന് മൊബൈൽ ഫ്ളാഷുകൾ തെളിച്ചും മൂവർണ പതാക വീശിയും ടീം ഇന്ത്യക്ക് ആരാധകർ അഭിവാദ്യം അർപ്പിച്ചു.
സ്റ്റേഡിയത്തിനു പുറത്തും ആവേശത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. പ്രധാന കവാടത്തിനു മുന്നിൽ രോഹിത് ശർമയുടെയും കോഹ്ലിയുടെയും മുൻ താരം മഹേന്ദ്ര സിംഗ് ധോണിയുടെയും ഉൾപ്പെടെ കൂറ്റൻ കട്ടൗട്ടുകൾ സ്ഥാപിച്ചായിരുന്നു ആരാധകർ ക്രിക്കറ്റ് ആവേശം കാര്യവട്ടത്തേക്ക് വരവേറ്റത്.