ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളച്ച് മൊറോക്കോ
Thursday, November 24, 2022 12:08 AM IST
ദോഹ: നിലവിലെ ലോകകപ്പ് രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യക്കു ഖത്തർ ലോകകപ്പിൽ സമനിലയോടെ തുടക്കം. താരതമ്യേന ദുർബലരായ മൊറോക്കോയാണു നിലവിലെ റണ്ണറപ്പുകളെ ഗോൾരഹിത സമനിലയിൽ പിടിച്ചത്. ഖത്തർ ലോകകപ്പിൽ മൂന്നാമത്തെ ഗോൾരഹിത സമനിലയാണിത്. ഇതോടെ ഗ്രൂപ്പ് എഫിൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് ലഭിച്ചു.
സ്പാർക്കില്ല
2018 ലോകകപ്പ് ഫൈനൽ കളിച്ച ടീമിന്റെ അടുത്തുപോലും സ്പാർക്കില്ലാത്ത ടീം; മൊറോക്കോയ്ക്കെതിരായ ക്രൊയേഷ്യയുടെ ഗോൾരഹിത സമനിലയ്ക്കു മറ്റൊരു വിശേഷണം അർഹിക്കുന്നില്ല. കഴിഞ്ഞ ലോകകപ്പിൽ ക്രൊയേഷ്യക്കായി കളി മെനഞ്ഞ 37കാരൻ ലൂക്ക മോഡ്രിച്ചിനെ ഇപ്പോഴും ടീമിന്റെ കുന്തമുനയായി ആശ്രയിക്കുന്നതിന്റെ ദൗർബല്യങ്ങൾ മൊറോക്കോയ്ക്കെതിരായ മത്സരം തുറന്നുകാട്ടി.
മത്സരത്തിൽ ഒട്ടുമിക്ക സമയവും പന്ത് ക്രൊയേഷ്യയുടെ കൈവശമായിരുന്നു. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടർച്ചയായുണ്ടായി. എന്നാൽ, വലയനക്കുന്നതിൽ ഇരുടീമുകളും പരാജയപ്പെട്ടു. ക്രൊയേഷ്യൻ മുന്നേറ്റനിര ബോക്സിലെത്താതെ പ്രതിരോധക്കോട്ട കെട്ടിയ, അടിക്ക് തിരിച്ചടിയെന്നതരത്തിൽ ഫൈനലിസ്റ്റുകളെ വിറപ്പിച്ച മെറോക്കോയ്ക്കും കൊടുക്കണം കൈയടി.
പാഴായ അവസരങ്ങൾ
അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിലാണു ഭൂരിപക്ഷം ഗോളവസരങ്ങളും പിറന്നത്. 17-ാം മിനിറ്റിൽ ഇവാൻ പെരിസിച്ച് ലോംഗ് റേഞ്ചറിലൂടെ മൊറോക്കോ ഗോൾകീപ്പർ യാസിൻ ബനോയെ പരീക്ഷിച്ചു.
ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുന്പു നിക്കോള വ്ളാസിച്ചിലൂടെ ക്രൊയേഷ്യ ഗോളിനടുത്തെത്തിയെങ്കിലും ബനോയുടെ തകർപ്പൻ പ്രകടനം തടസമായി. പിന്നാലെ ബോക്സിനു പുറത്തുനിന്നു ലൂക്ക മോഡ്രിച്ച് തൊടുത്ത ലോംഗ് റേഞ്ചറും ലക്ഷ്യംകണ്ടില്ല.
ഇടയ്ക്കു മൊറോക്കോ നടത്തിയ മുന്നേറ്റം ക്രൊയേഷ്യ പ്രതിരോധത്തെ വിറപ്പിച്ചു. ഹാകിം സിയെച്ചിന്റെ തകർപ്പൻ ക്രോസിനു യൂസഫ് എൻ നെസിറിക്കു തലവയ്ക്കാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ മൊറോക്കോയ്ക്കു മികച്ച രണ്ടവസരങ്ങൾ ലഭിച്ചെങ്കിലും മികച്ച സ്ട്രൈക്കറുടെ അഭാവവും ഫിനിഷിംഗിലെ പോരായ്മകളും തിരിച്ചടിയായി.