മെസിപ്പടയ്ക്ക് നോക്കൗട്ടിലേക്ക് വഴികാട്ടാം...
Thursday, November 24, 2022 12:08 AM IST
ദോഹ: സൗദി അറേബ്യയോടു തോറ്റ അർജന്റീന ലോകകപ്പ് നോക്കൗട്ടിൽ കടക്കുമോ? നിലവിലെ സാഹചര്യംനോക്കി ഉത്തരംപറയാൻ ബുദ്ധിമുട്ടാണ്.
അർജന്റീന ഉൾപ്പെടുന്ന സി ഗ്രൂപ്പിൽ മൂന്നു പോയിന്റുമായി സൗദി ഒന്നാമതാണ്. മെക്സിക്കോ, പോളണ്ട് ടീമുകൾ ഓരോ പോയിന്റുമായി രണ്ടും മൂന്നും സ്ഥാനങ്ങളിൽ. അർജന്റീന നാലാമതാണ്. ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവർക്കാണ് പ്രീക്വാർട്ടർ യോഗ്യത.
സാധ്യത 1
ഈ മാസം 27ന് മെക്സിക്കോയ്ക്കും ഡിസംബർ ഒന്നിന് പോളണ്ടിനെതിരേയുമാണ് അർജന്റീനയുടെ ഇനിയുള്ള മത്സരങ്ങൾ. ഈ മത്സരങ്ങളിൽ ജയിച്ചാൽ അർജന്റീനക്ക് പരമാവധി ആറു പോയിന്റാകും നേടാനാകുക. ടീമിന് യോഗ്യത ഉറപ്പാക്കാൻ അതുമതി.
സാധ്യത 2
അടുത്ത രണ്ടു മത്സരങ്ങളിൽ ഒന്നു സമനിലയിലാകുകയും ഒന്നു ജയിക്കുകയും ചെയ്താൽ അർജന്റീനയ്ക്ക് നാലു പോയിന്റേ ലഭിക്കൂ. അങ്ങനെ വന്നാൽ അർജന്റീന അടുത്ത റൗണ്ട് കാണാൻ മറ്റു ടീമുകളുടെ ഫലംകൂടി കാത്തിരിക്കേണ്ടിവരും.
സാധ്യത 3
മൂന്നു ടീമുകൾക്ക് ആറു പോയിന്റ് വീതം ലഭിക്കുന്ന സാഹചര്യവുമുണ്ട്. അങ്ങനെ വന്നാൽ കൂടുതൽ ഗോളുകളുടെ എണ്ണക്കണക്കിൽ ആദ്യ രണ്ടുടീമുകൾ നോക്കൗട്ടിലെത്തും.