തരംഗമായി മെട്രോ മാൻ...
Saturday, November 26, 2022 12:31 AM IST
കളത്തിലെ മാത്രമല്ല, കളത്തിനു പുറത്തെ കളികളിലൂടെയും ഖത്തർ ലോകകപ്പ് ലോകശ്രദ്ധയാകർഷിക്കുന്പോൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയ ചിലരുണ്ട്. അവരിൽ ഒരാളാണ് കെനിയയിൽ നിന്നുള്ള 23കാരൻ അബുബക്കർ അബ്ബാസ്. ഇതിനോടകം സോഷ്യൽമീഡിയയിലൂടെ അബുബക്കർ ഫുട്ബോൾ ആരാധകർക്കെല്ലാം സുപരിചിതനായിക്കഴിഞ്ഞു. ദോഹയിലെ ചരിത്രപ്രധാനമായ സൂഖ് വാഖിഫ് മാർക്കറ്റ് സന്ദർശിക്കുന്ന നൂറുകണക്കിന് ആളുകളെയാണ് അബ്ബാസ് ദിവസേന സഹായിക്കുന്നത്.
അതെങ്ങനെയെന്നല്ലേ, മാർക്കറ്റിനോടു തൊട്ടുചേർന്നാണു മെട്രോ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. മെട്രോ സ്റ്റേഷൻ തിരഞ്ഞു വരുന്നവരെ സഹായിക്കുക എന്നതാണ് അബ്ബാസിന്റെ ചുമതല. അവിടെ മാർക്കറ്റിനോടു ചേർന്ന് ടെന്നീസിൽ അന്പയർമാർ ഇരിക്കുന്നതിനു സമാനമായ ഒരു ചെയറിൽ അബ്ബാസ് എപ്പോഴും ഇരിപ്പുണ്ടാകും. അബ്ബാസിന്റെ സന്തതസഹചാരിയായി കൈയിൽ ഒരു വലിയ ഫോം ഫിംഗറും ഉണ്ടാവും. ഒപ്പമുള്ള മെഗാഫോണിൽക്കൂടിയാണ് ആളുകൾക്കു നിർദേശം നൽകുക.
മെട്രോസ്റ്റേഷൻ തിരഞ്ഞ് മാർക്കറ്റിൽ എത്തുന്നവർ കേൾക്കുന്നത് ‘മെട്രോ ? ദിസ് വേ... മെട്രോ ? ദിസ് വേ’ എന്നീ വാക്കുകളാണ്. ഈ ശബ്ദത്തിന്റെ ഉറവിടം തെരഞ്ഞെത്തുന്നവർക്ക് അവിടെ കാണാനാകുക സോഷ്യൽ മീഡിയയിലെ ഒരു സൂപ്പർതാരത്തെയാവും. സോഷ്യൽ മീഡിയയിലൂടെയും നേരിട്ടുമെല്ലാം ഫുട്ബോൾ ആരാധകരുടെ അളവറ്റ സ്നേഹം അനുഭവിച്ചുകൊണ്ടാണ് അബ്ബാസ് തന്റെ കൃത്യനിർവഹണം തുടരുന്നത്. ‘മെട്രോ മാൻ’ എന്നാണു കളിയാരാധകർ അബ്ബാസിനെ സ്നേഹപൂർവം വിശേഷിപ്പിക്കുന്നത്.
ഞങ്ങൾ ആ ‘മെട്രോമാനെ’ സ്നേഹിക്കുന്നുവെന്നു നിരവധി ആരാധകർ പറയുന്നു. അവനെ ടിക് ടോക്കിൽ കണ്ടിട്ടുണ്ടെന്നും അവന്റെ വീഡിയോകൾ തങ്ങളെ കുടുകുടാ ചിരിപ്പിച്ചെന്നും പറയുന്നവരുമുണ്ട്. ഇപ്പോൾ സൂഖ് വാഖിഫ് മാർക്കറ്റിലെ സെലിബ്രിറ്റി അബ്ബാസാണ്. ഇവിടെയെത്തുന്നവരിൽ മിക്കവരും അബ്ബാസിനോടു കുശലം ചോദിക്കുന്നു.
സോഷ്യൽമീഡിയയിലെ ഈ മിസ്റ്റീരിയസ് സൂപ്പർതാരത്തെ നേരിൽ കാണാൻകൂടിയാണ് പലരും ഇപ്പോൾ ഈ മാർക്കറ്റിലെത്തുന്നത്. അബ്ബാസ് തന്റെ ജോലി നന്നായി ആസ്വദിക്കുന്നുവെന്നാണ് ആരാധകരുടെ പൊതു അഭിപ്രായം. ഇപ്പോഴിതാ അബ്ബാസിന്റെ സ്റ്റൈലിൽ ആകൃഷ്ടരായി മാർക്കറ്റിലെ മറ്റു ജോലിക്കാരും ക്രിയാത്മകമായ രീതിയിൽ ആളുകൾക്ക് വഴി പറഞ്ഞു കൊടുക്കുന്ന തിരക്കിലാണ്. അതും അബ്ബാസിന്റെ ട്രേഡ്മാർക്കായ ഫോം ഫിംഗർ ഉപയോഗിച്ച്.