റഫറിയുടെ കള്ളക്കളി; ഘാനയുടെ ഒളിപ്പോര്!
Saturday, November 26, 2022 12:31 AM IST
ഓതിരവും കടകവും കടകത്തിൽ ഒഴിവും പിന്നെ ഒളിപ്പോരും... ജയിക്കാൻ ഏതു പയറ്റും പയറ്റാം, പ്രത്യേകിച്ച് ലോകകപ്പ് വേദിയിൽ. ഖത്തർ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എച്ചിൽ പോർച്ചുഗൽ 3-2ന് ഘാനയെ തോൽപ്പിച്ച മത്സരത്തിൽ ഓതിരവും കടകവും കടകത്തിൽ ഒഴിവും ഒളിപ്പോരും എല്ലാം കണ്ടു, ഒപ്പം റഫറിയുടെ കള്ളക്കളിയും...
അല്പം ഭാഗ്യം ഘാനയ്ക്ക് ഒപ്പമുണ്ടായിരുന്നെങ്കിൽ 3-3 സമനിലയിൽ മത്സരം കലാശിക്കുമായിരുന്നു.
ഘാനയുടെ ഒളിപ്പോര് ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലാണ് അരങ്ങേറിയത്. സമനിലയ്ക്കായി ആക്രമിച്ചുകയറിയ ഘാനയുടെ ഇനാകി വില്യംസ് തന്റെ പിന്നിലുണ്ടെന്നത് അറിയാതെ പോർച്ചുഗൽ ഗോളി ഡീഗോ കോസ്റ്റ പന്ത് കിക്കിനായി മൈതാനത്തു വച്ചു. കോസ്റ്റയുടെ നീക്കം മനസിലാക്കിയ ഇനാകി, പന്ത് ലക്ഷ്യമാക്കി ഓട്ടം തുടങ്ങിയിരുന്നു. പന്ത് ഇനാകിയുടെ നിയന്ത്രണത്തിൽ, പക്ഷേ ദൗർഭാഗ്യവശാൽ വഴുതി വീണു... എങ്കിലും ഗോളിലേക്കു തൊടുത്തു.
അപകടം നേരത്തേ മണത്ത പോർച്ചുഗൽ പ്രതിരോധ താരം ഡാനിലോ പെരേര കൃത്യമായി ഗോൾ വരയ്ക്ക് മുന്നിലേക്ക് ഓടിയെത്തി പന്ത് ക്ലിയർ ചെയ്തു. സമനില ഗോളിൽനിന്നു പോർച്ചുഗൽ രക്ഷപ്പെട്ടു. മത്സരത്തിന്റെ 88-ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ട സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഡഗ്ഗൗട്ടിൽ അന്തംവിട്ടിരുന്ന നിമിഷമായിരുന്നു അത്.
അതേസമയം, റഫറിയുടെ കള്ളക്കളിയിലൂടെയാണു പോർച്ചുഗൽ ജയിച്ചതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. 62-ാം മിനിറ്റിൽ ബോക്സിനുള്ളിൽ റൊണാൾഡോയെ വീഴ്ത്തിയതിനുഘാനയ്ക്ക് എതിരേ റഫറി സ്പോട്ട്കിക്ക് വിധിച്ചു.
വിഎആർ സഹായം നേടാതെ നേരിട്ട് റഫറി പെനൽറ്റി വിധിക്കുകയായിരുന്നു. അത്രമാത്രം ഗൗരവമുള്ള കുറ്റം അവിടെ ഘാനക്കാർ ചെയ്തില്ലെന്നതാണുഫുട്ബോൾ നിരീക്ഷകരുടെ കണ്ടെത്തൽ. ഘാന പരിശീലകൻ ഒട്ടൊ ആഡൊ റൊണാൾഡോയുടെ ഗോളിനെ ‘റഫറിയുടെ ഗിഫ്റ്റ്’എന്നാണു വിശേഷിപ്പിച്ചത്.
അതുമാത്രമല്ല, 80-ാം മിനിറ്റിൽ റാഫേൽ ലിയാവൊ പോർച്ചുഗലിനായി നേടിയ മൂന്നാം ഗോൾ ഓഫ് സൈഡ് ആയിരുന്നു എന്നും തെളിവ് നിരത്തി ആളുകൾ വാദിക്കുന്നു. അവിടെയും റഫറി നേരിട്ട് ഗോൾ അനുവദിച്ചു, വിഎആർ പരിശോധിക്കാൻ തയാറായുമില്ല.