സെൽഫിൽ റയൽ വീണു
Monday, February 6, 2023 12:13 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡിന് അപ്രതീക്ഷിത തോൽവി. ഇതോടെ കിരീട പോരാട്ടത്തിൽ റയലിന്റെ പിടി അയഞ്ഞു. എവേ മത്സരത്തിൽ മയ്യോർക്കയോട് 1-0നാണ് റയൽ മാഡ്രിഡ് പരാജയപ്പെട്ടത്. 13-ാം മിനിറ്റിൽ നാച്ചൊയുടെ സെൽഫ് ഗോളിൽ റയൽ പിന്നിലായി. ഒരു ക്രോസ് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ നാച്ചോയുടെ ഹെഡർ ഗോൾ കീപ്പർ ആന്ദ്രേ ലുനിന്റെ തലയ്ക്ക് മുകളിലൂടെ വലയിലെത്തുകയായിരുന്നു.
60-ാം മിനിറ്റിൽ റയൽ മാഡ്രിഡിന് സമനില നേടാനുള്ള അവസരം ലഭിച്ചു. ബോക്സിനുള്ളിൽ വിനീഷ്യസ് ജൂണിയറിനെ വീഴ്ത്തിയതിനായിരുന്നു റഫറി മയ്യോർക്കയ്ക്ക് എതിരേ പെനാൽറ്റി വിധിച്ചത്. എന്നാൽ, കിക്കെടുത്ത മാർക്കൊ അസെൻസിയോയ്ക്ക് അത് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. 50 പോയിന്റുമായി ബാഴ്സലോണയാണ് ഒന്നാം സ്ഥാനത്ത്. റയൽ മാഡ്രിഡ് (45), റയൽ സോസിദാദ് (39) എന്നീ ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.