നഥാൻ ലിയോണിന് എട്ട് വിക്കറ്റ് ; ഓസീസിന് ജയിക്കാൻ 76 റണ്‍സ്
Friday, March 3, 2023 2:10 AM IST
ഇൻഡോർ: ഓസീസ് കുടുംബത്തിന്റെ നാഥനായി നഥാൻ ലിയോണ്‍ മാറിയപ്പോൾ ഇന്ത്യൻ താരങ്ങൾ പത്തിമടക്കി കൂടാരം കയറി. നഥാൻ ലിയോണിന്റെ എട്ട് വിക്കറ്റ് പ്രകടനത്തിൽ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാം ഇന്നിംഗ്സിലും ഇന്ത്യ തകർന്നടിഞ്ഞു.
23.3 ഓവറിൽ 64 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയ ലിയോണിന്റെ ബൗളിംഗിനു മുന്നിൽ ഇന്ത്യൻ സ്കോർ 163ൽ നിശ്ചലമായി. 88 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യക്ക് ഇതോടെ ഓസ്ട്രേലിയയ്ക്കു മുന്നിൽ വയ്ക്കാൻ സാധിച്ചത് വെറും 76 റണ്‍സിന്റെ വിജയലക്ഷ്യം മാത്രം. സ്കോർ: ഇന്ത്യ 109, 163. ഓസ്ട്രേലിയ 197.
ലിയോണ്‍ തകർത്തു
രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ഇന്ത്യക്ക് അഞ്ചാം ഓവറിൽ മുതൽ വിക്കറ്റ് നഷ്ടം തുടങ്ങി. അഞ്ച് റണ്‍സ് നേടിയ ശുഭ്മാൻ ഗില്ലിനെ ബൗൾഡാക്കി ലിയോണ്‍ ആണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്. തുടർന്ന് കൃത്യമായ ഇടവേളിയിൽ ഇന്ത്യൻ വിക്കറ്റുകൾ നിലംപൊത്തി. 27 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 26 റണ്‍സുമായി വെല്ലുവിളിയുയർത്തിയ ശ്രേയസ് അയ്യറിനെ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് മിച്ചൽ സ്റ്റാർക്കിനെ ഉപയോഗിച്ച് മടക്കി.
സിക്സർ പൂജാര
ഇന്ത്യൻ രണ്ടാം ഇന്നിംഗ്സിൽ തിളങ്ങിയത് ചേതേശ്വർ പൂജാര മാത്രം. 142 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും അടക്കം പൂജാര 59 റണ്‍സ് നേടി. 101-ാം ടെസ്റ്റ് കളിക്കുന്ന പൂജാര കരിയറിൽ നേടുന്ന 16-ാം സിക്സർ മാത്രമാണിത്. ടെസ്റ്റിലെ 35-ാം അർധസെഞ്ചുറിയാണ് പൂജാര സ്കോർ ചെയ്തത് എന്നതും ശ്രദ്ധേയം.
100 ഉമേഷ്
നാല് വിക്കറ്റ് നഷ്ടത്തിൽ 156 റണ്‍സ് എന്ന നിലയിൽ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഓസ്ട്രേലിയ 197നു പുറത്തായി. ശേഷിച്ച ആറ് വിക്കറ്റും ആർ. അശ്വിനും ഉമേഷ് യാദവും പങ്കിട്ടു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവ് ഇന്ത്യൻ മണ്ണിൽ 100 വിക്കറ്റ് എന്ന നേട്ടത്തിലെത്തി.
മുരളിയെയും കുംബ്ലെയെയും മറികടന്ന് ലിയോണ്‍
ഇന്ത്യക്കെതിരേ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുള്ള വിദേശ സ്പിന്നർ എന്ന നേട്ടം ഇനി നഥാൻ ലിയോണിനു സ്വന്തം. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്റെ 105 വിക്കറ്റ് എന്ന റിക്കാർഡാണ് ലിയോണ്‍ (113) മറികടന്നത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടമുള്ള വിദേശതാരം എന്ന റിക്കാർഡും ലിയോണ്‍ പുതുക്കി. ലിയോണിന്റെ അഞ്ച് വിക്കറ്റ് നേട്ടം ഒന്‍പതും 10 വിക്കറ്റ് നേട്ടം രണ്ടും ആയി. ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരന്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എന്ന റിക്കാർഡും ഇനി ലിയോണിനു സ്വന്തം. ഇന്ത്യൻ മുൻ താരം അനിൽ കുംബ്ലെയുടെ (111 വിക്കറ്റ്) റിക്കാർഡാണ് നഥാൻ ലിയോണ്‍ (113) മറികടന്നത്. 106 വിക്കറ്റുള്ള ആർ. അശ്വിനാണ് മൂന്നാം സ്ഥാനത്ത്.
സ്കോർ ബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 109 (33.2).
ഓസ്ട്രേലിയൻ ഒന്നാം ഇന്നിംഗ്സ്: ഹെഡ് എൽബിഡബ്ല്യു ബി ജഡേജ 9, ഖ്വാജ സി ഗിൽ ബി ജഡേജ 60, ലബൂഷെയ്ൻ ബി ജഡേജ 31, സ്മിത്ത് സി ഭരത് ബി ജഡേജ 26, ഹാൻഡ്സ്കോന്പ് സി ശ്രേയസ് ബി അശ്വിൻ 19, കാമറൂണ്‍ ഗ്രീൻ എൽബിഡബ്ല്യു ബി അശ്വിൻ 21, അലക്സ് കാരെ എൽബിഡബ്ല്യു ബി അശ്വിൻ 3, സ്റ്റാർക്ക് ബി ഉമേഷ് 1, ലിയോണ്‍ ബി അശ്വിൻ 5, മർഫി ബി ഉമേഷ് 0, ഖുനെമാൻ നോട്ടൗട്ട് 0, എക്സ്ട്രാസ് 22, ആകെ 197 (76.3).
ബൗളിംഗ്: അശ്വിൻ 20.3-4-44-3, ജഡേജ 32-8-78-4, അക്സർ പട്ടേൽ 13-1-33-0, ഉമേഷ് യാദവ് 5-0-12-3, സിറാജ് 6-1-13-0.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: രോഹിത് എൽബിഡബ്ല്യു ബി ലിയോണ്‍ 12, ഗിൽ ബി ലിയോണ്‍ 5, പൂരാജ സി സ്മിത്ത് ബി ലിയോണ്‍ 59, കോഹ്ലി എൽബിഡബ്ല്യു ബി ഖുനെമാൻ 13, ജഡേജ എൽബിഡബ്ല്യു ബി ലിയോണ്‍ 7, ശ്രേയസ് സി ഖ്വാജ ബി സ്റ്റാർക്ക് 26, ഭരത് ബി ലിയോണ്‍ 3, അശ്വിൻ എൽബിഡബ്ല്യു ബി ലിയോണ്‍ 16, അക്സർ നോട്ടൗട്ട് 15, ഉമേഷ് സി ഗ്രീൻ ബി ലിയോണ്‍ 0, സിറാജ് ബി ലിയോണ്‍ 0, എക്സ്ട്രാസ് 7, ആകെ 163 (60.3)
വിക്കറ്റ് വീഴ്ച: 15/1, 32/2, 54/3, 78/4, 113/5, 118/6, 140/7, 155/8, 155/9, 163/10.
ബൗളിംഗ്: സ്റ്റാർക്ക് 7-1-14-1, ഖുനെമാൻ 16-2, 60-1, ലിയോണ്‍ 23.3-1-64-8, മർഫി 14-6-18-0.