ഓസ്ട്രേലിയയ്ക്കെതിരേ ഏകദിന പരന്പരയിൽ ഇന്ത്യ തോൽക്കാനുള്ള കാരണങ്ങൾ...
Friday, March 24, 2023 1:07 AM IST
ഐസിസി ഏകദിന ഒന്നാം റാങ്ക് ഇന്ത്യക്കു നഷ്ടപ്പെട്ടു, ഓസ്ട്രേലിയയ്ക്കെതിരായ മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരന്പരയിൽ 2-1ന്റെ തോൽവിയുടെ ഫലം. 2019നുശേഷം ഇന്ത്യ ഹോം സീരീസ് പരാജയപ്പെടുന്നതും ഇതാദ്യം. പരന്പര തോറ്റതോടെ 2023 ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ മുന്നൊരുക്കത്തെക്കുറിച്ച് ആളുകൾ നെറ്റുചുളിച്ചു...
ബാറ്റിംഗ് പരാജയം
പ്രതികൂല സാഹചര്യത്തിൽ ബാറ്റിംഗ് നിര പരാജയപ്പെട്ടതാണ് ഇന്ത്യയുടെ പരന്പര തോൽവിയുടെ മൂലകാരണം. കരുത്തുറ്റ ബാറ്റർമാരാൽ പേരുകേട്ട രാജ്യമാണ് ഇന്ത്യ എന്നതാണു ശ്രദ്ധേയം. ആദ്യ രണ്ട് ഏകദിനത്തിലും ഇന്ത്യയുടെ ടോപ് ഓർഡർ മിച്ചൽ സ്റ്റാർക്കിനും സംഘത്തിനും മുന്നിൽ പരാജയപ്പെട്ടു. പ്രതികൂല സാഹചര്യത്തിൽ ടീമിനെ മുന്നോട്ടു നയിക്കാൻ ഈ പരന്പരയിൽ ഇന്ത്യൻ ബാറ്റർമാർക്കു സാധിച്ചില്ല. ആദ്യ ഏകദിനത്തിൽ കെ.എൽ. രാഹുൽ ഒരു പരിധിവരെ ടീമിനെ തോളിലേറ്റിയെന്നതൊഴിച്ചാൽ പരന്പരയിൽ അത്തരമൊരു സംഭവം ഇന്ത്യൻ ഭാഗത്തില്ല.
ഓസീസ് പവർ പ്ലേ
ഏകദിന ക്രിക്കറ്റിൽ 300ലധികം റണ്സ് എന്നത് ഈ കാലഘട്ടത്തിൽ ഏവർക്കും സുപരിചതമാണ്. എന്നാൽ, ഓസ്ട്രേലിയ x ഇന്ത്യ പരന്പരയിൽ ആധിപത്യം ബൗളർമാർക്കായിരുന്നു. പവർപ്ലേയിൽ ഓസീസ് ബൗളർമാർ വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇന്ത്യയുടെ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവർക്ക് അതു സാധിച്ചില്ല. പരന്പരയിലെ മൂന്നു മത്സരത്തിലുമായി ആദ്യ 10 ഓവറിൽ ഇന്ത്യക്കു വീഴ്ത്താനായത് ഒരു വിക്കറ്റ്. ഓസ്ട്രേലിയ ഒന്പത് വിക്കറ്റ് വീഴ്ത്തി. ഈ വ്യത്യാസമാണു പരന്പര നേടാൻ ഓസീസിനെ സഹായിച്ചത്.
ഗെയിം പ്ലാൻ
കൃത്യമായ ഗെയിം പ്ലാൻ ഇല്ലാതെയാണു സമീപനാളിൽ ഇന്ത്യൻ ടീം ഇറങ്ങുന്നത്. പ്രതിഭാധാരാളിത്തമുള്ള ഇന്ത്യക്ക് ആരെ, എവിടെ ഇറക്കണം എന്നതിൽ ഇതുവരെ കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. മൂന്നാം ഏകദിനത്തിൽ സൂര്യകുമാർ യാദവിനെ ഏഴാം നന്പറിൽ ഇറക്കിയത് ഇതിന്റെ പ്രകടമായ ഉദാഹരണമാണ്.
നാലാം നന്പറിൽ ഇതുവരെ ഒരു ബാറ്ററിനെ ഉറപ്പിക്കാൻ ടീം ഇന്ത്യക്കു സാധിച്ചില്ല. സഞ്ജു സാംസണെ ടീമിൽ എടുക്കില്ലെന്നു നിർബന്ധബുദ്ധി ഉള്ളതുപോലെയും ടീം ഇന്ത്യയുടെ സെലക്ഷൻ തോന്നിപ്പിക്കും. ഇങ്ങനെ പോയാൽ ഏകദിന ലോകകപ്പിൽ ഇന്ത്യ ദുരന്തമായി മാറാനാണു സാധ്യത. 2019 ലോകകപ്പിലെ സെലക്ഷൻ പിഴവ് ആവർത്തിക്കുകയാണു ബിസിസിഐ.