റോയൽസ്ഥാൻ
Wednesday, March 29, 2023 12:43 AM IST
അരങ്ങേറ്റ സീസണിൽത്തന്നെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ചാന്പ്യന്മാരായ സംഘമാണു രാജസ്ഥാൻ റോയൽസ്. എന്നാൽ കഴിഞ്ഞ സീസണിലൊഴികെ, ലീഗിൽ ടീമിനു ശക്തമായ മുന്നേറ്റങ്ങൾ നടത്താനായില്ല. കഴിഞ്ഞ എഡിഷനിൽ മലയാളിതാരം സഞ്ജു സാംസണിനു കീഴിലിറങ്ങിയ രാജസ്ഥാൻ ഫൈനലിൽ പ്രവേശിച്ചെങ്കിലും പരാജയപ്പെട്ടു.
പുതിയ സീസണ് ആരംഭിക്കാനിരിക്കെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണ് സമ്മർദത്തിലാണ്. കഴിഞ്ഞ സീസണിലെ മികവ് ആവർത്തിക്കുകയെന്നതാണു പ്രധാന വെല്ലുവിളി. ഇത്തവണ കിരീടത്തിൽ കുറഞ്ഞ മോഹങ്ങൾ രാജസ്ഥാനില്ല. ഏപ്രിൽ രണ്ടിനു സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേയാണു രാജസ്ഥാന്റെ ആദ്യ മത്സരം.
കരുത്ത്
ബാറ്റിംഗാണു ടീമിന്റെ കരുത്ത്. കഴിഞ്ഞ വർഷത്തെ ഓറഞ്ച് ക്യാപ്പ് ജേതാവായ ജോസ് ബട്ലർ ഈ സീസണിലും രാജസ്ഥാൻ റോയൽസിന്റെ തുറുപ്പുചീട്ടാകും. ബട്ലറും സഞ്ജുവും മുന്നിൽ നിന്നു നയിക്കും. ദേവ്ദത്ത് പടിക്കലിനേക്കാൾ യശസ്വി ജയ്സ്വാൾ ടീമിൽ ഇടംപിടിക്കാനാണു സാധ്യത. ബട്ലർക്കൊപ്പം ജയ്സ്വാൾ ഓപ്പണ്‍ ചെയ്യും. ജയ്സ്വാൾ-ബട്ലർ ഓപ്പണിംഗ് കൂട്ടുകെട്ടാണു കഴിഞ്ഞ സീസണിൽ രാജസ്ഥാന്റെ കുതിപ്പിനു ചുക്കാൻ പടിച്ചത്. മൂന്നാമതു സഞ്ജു. നാലാം സ്ഥാനത്ത് ഷിംറോണ്‍ ഹെറ്റ്മയറെത്തും. ഓൾറൗണ്ടറുടെ സ്ഥാനത്തു ജേസണ്‍ ഹോൾഡർ. റിയാൻ പരാഗ്, ആർ. അശ്വിൻ എന്നിവരും വന്പനടികൾക്കു കെൽപ്പുള്ളവരാണ്.
ബൗളിംഗിൽ ആർ. അശ്വിൻ, യൂസ്വേന്ദ്ര ചാഹൽ എന്നിവരുടെ പ്രകടനങ്ങൾ എതിരാളികൾക്കു ഭീഷണിയാണ്. ആദം സാംപയും ടീമിലുണ്ട്. ട്രെന്റ് ബോൾട്ടിനു ടീമിൽ സ്ഥാനമുറപ്പാണ്. കുൽദീപ് സെൻ, നവ്ദീപ് സൈനി, സന്ദീപ് ശർമ എന്നിവരാണു പേസിലെ മറ്റു കരുത്തർ.
ദൗർബല്യം
പ്രസിദ്ധ് കൃഷ്ണയുടെ പരിക്കാണു രാജസ്ഥാനേറ്റ പ്രധാന തിരിച്ചടി. പരിക്കിന്റെ പിടിയിലുള്ള ഒബേദ് മക്കോയിക്കു ആദ്യ മത്സരങ്ങൾ നഷ്ടമാകും. മുൻനിര ബാറ്റിംഗ് തകർന്നാൽ പിന്നീട് ടീം കൂട്ടത്തോടെ തകരുന്നതു രാജസ്ഥാന്റെ ദൗർബല്യമാണ്. ഹെറ്റ്മയർ, റിയാൻ പരാഗ്, ജേസണ്‍ ഹോൾഡർ എന്നിവരൊന്നും ടീമിനെ ക്ഷമയോടെ പിടിച്ചുയർത്തുന്നവരല്ല.
രാജസ്ഥാൻ ടീം
സഞ്ജു സാംസണ് (നായകൻ) യശസ്വി ജയ്സ്വാൾ, ഷിംറോണ്‍ ഹെറ്റ്മയർ, ജോ റൂട്ട്, ദേവ്ദത്ത് പടിക്കൽ, ജോസ് ബട്ലർ, ധ്രുവ് ജുറൽ, റിയാൻ പരാഗ്, സന്ദീപ് ശർമ, ട്രെന്റ് ബോൾട്ട്, ഒബേദ് മക്കോയ്, നവ്ദീപ് സൈനി, കുൽദീപ് സെൻ, കുൽദീപ് യാദവ്, ആർ. അശ്വിൻ, യുസ്വേന്ദ്ര ചാഹൽ, കെ.സി. കരിയപ്പ, ജേസണ്‍ ഹോൾഡർ, ഡോണോവൻ ഫെരേര, കുനാൽ റാത്തോഡ്, ആദം സാംപ, കെ.എം. ആസിഫ്, മുരുകൻ അശ്വിൻ, ആകാശ് വസിഷ്ഠ്, അബ്ദുൾ ബാസിത്.