ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ് കിരീടം സ്വന്തമാക്കി ഇന്ത്യ
Wednesday, March 29, 2023 12:43 AM IST
ഇംഫാൽ: ഹീറോ ത്രിരാഷ്ട്ര ടൂർണമെന്റ് കിരീടം സ്വന്തമാക്കി ഇന്ത്യൻ ഫുട്ബോൾ ടീം. ഇന്നലെ വൈകുന്നേരം മണിപ്പുരിലെ ഖുമൻ ലാംപക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു കിർഗിസ് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തി. സന്ദേശ് ജിങ്കൻ (34’), സുനിൽ ഛേത്രി (84’) എന്നിവരാണ് ഇന്ത്യയുടെ ഗോളുകൾ നേടിയത്.
മത്സരത്തിന്റെ 34-ാം മിനിറ്റിൽ ഇന്ത്യ മുന്നിലെത്തി. ബ്രണ്ടൻ ഫെർണാണ്ടസിന്റെ ഫ്രീകിക്കിൽനിന്നു ലഭിച്ച പന്ത് ജിങ്കൻ വലയിലെത്തിക്കുകയായിരുന്നു. തുടർന്ന് കിർഗിസ്ഥാൻ ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഇന്ത്യൻ ഗോളി ഗുർപ്രീത് സിംഗ് സന്ധുവിനു മുന്നിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. നോറം മഹേഷിനെ ബോക്സിൽ വീഴ്ത്തിയതിനുകിട്ടിയ പെനൽറ്റി സുനിൽ ഛേത്രി ലക്ഷ്യത്തിലെത്തിച്ചു. ഇന്ത്യക്കായുള്ള ഛേത്രിയുടെ 85-ാം ഗോളായിരുന്നു ഇത്.
ത്രിരാഷ്ട്ര ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ മ്യാന്മറിനെ തോൽപ്പിച്ചിരുന്നു. കിരീടത്തിനു സമനില മതി എന്ന നിലയിലാണ് ഇന്ത്യ കിർഗിസിനെ നേരിടാനിറങ്ങിയത്. ഇഗോർ സ്റ്റിമാചിന്റെ കീഴിലെ ഇന്ത്യയുടെ രണ്ടാം കിരീടമാണിത്. നേരത്തെ സ്റ്റിമാച്ചിന്റെ കീഴിൽ ഇന്ത്യ സാഫ് കപ്പും നേടിയിരുന്നു.