രോഹിത് വിശ്രമിക്കും; സൂര്യ പകരക്കാരന്
Wednesday, March 29, 2023 10:37 PM IST
മുംബൈ: ഐപിഎൽ സീസണിലെ ചില മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായ രോഹിത് ശർമ കളിച്ചേക്കില്ല. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലും ഏകദിന ലോകകപ്പും മുന്നിൽ നിൽക്കേ ജോലി ഭാരം കുറച്ചു പരിക്കേൽക്കുന്നത് ഒഴിവാക്കാനാണു രോഹിതിന്റെ തീരുമാനമെന്നാണു സൂചന.
രോഹിത് ശർമ കളിക്കാത്ത മത്സരങ്ങളിൽ സൂര്യകുമാർ യാദവ് ടീമിന്റെ നായകനാകും. വിരമിച്ച വെസ്റ്റ് ഇൻഡീസ് താരം കയ്റോണ്‍ പൊള്ളാർഡിനു പകരക്കാരനായാണു സൂര്യകുമാറിന് ഉപനായക പദവി നൽകിയത്. ഏപ്രിൽ രണ്ടിനു ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേയാണു മുംബൈയുടെ ആദ്യ മത്സരം.
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ്, ഏകദിന പരന്പരകൾ പൂർത്തിയായതിനു പിന്നാലെയാണ് ഐപിഎൽ ആരംഭിക്കുന്നത്. ജൂണ്‍ ഏഴിനാണു ലോക ടെസ്റ്റ് ചാന്പ്യൻഷിപ് ഫൈനൽ. ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ.
നേരത്തേ, ഏകദിന ലോകപ്പ് ലക്ഷ്യമിട്ട് 20 അംഗ കളിക്കാരുടെ പട്ടിക ബിസിസിഐ തയാറാക്കിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഈ പൂളിലേക്കു തെരഞ്ഞെടുക്കപ്പെട്ട താരങ്ങളുടെ ജോലിഭാരം നിയന്ത്രിക്കാനും ഫിറ്റ്നസ് ട്രാക്ക് ചെയ്യാനും നാഷണൽ ക്രിക്കറ്റ് അക്കാദമിയെ ബിസിസിഐ ചുമലതപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.