ഐപിഎല്‍ പ്ലേഓഫ് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്
Sunday, May 21, 2023 1:04 AM IST
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേഓഫ് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമായി ചെന്നൈ സൂപ്പർ കിംഗ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെ 77 റണ്‍സിനു തകർത്തു. ആദ്യ ബാറ്റ് ചെയ്ത ചെന്നൈ ഉയർത്തിയ 224 റണ്‍സ് ലക്ഷ്യം പിന്തുടർന്ന ഡൽഹിക്കു നിശ്ചിത ഓവറിൽ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 146 റണ്‍സ് മാത്രമാണു നേടാനായത്.
ജയത്തോടെ ചെന്നൈ പ്ലേഓഫ് ഉറപ്പിച്ചു. 14 കളികളിൽനിന്ന് ചെന്നൈക്കു 17 പോയിന്റുണ്ട്. ലക്നോ കോൽക്കത്തയെ വൻ മാർജിനിൽ പരാജയപ്പെടുത്തിയില്ലെങ്കിൽ ചെന്നൈ ഗുജറാത്തുമായി ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ക്വാളിഫയറിൽ ഏറ്റുമുട്ടും.
തകർപ്പൻ തുടക്കം
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ചെന്നൈ ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദിന്റെയും ഡെവണ്‍ കോണ്‍വെയുടെയും കൂട്ടുകെട്ടിന്റെ ബലത്തിലാണു മികച്ച സ്കോറിലെത്തിയത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും 141 റണ്‍സ് അടിച്ചെടുത്തു. 52 പന്തിൽനിന്നു മൂന്നു സിക്സും 11 ഫോറുമടക്കം 87 റണ്‍സെടുത്ത കോണ്വെയാണു ചെന്നൈയുടെ ടോപ് സ്കോറർ. 50 പന്തുകൾ നേരിട്ട ഗെയ്ക്വാദ് നാലു ഫോറും ഏഴു സിക്സും പറത്തി 79 റണ്‍സെടുത്തു. ചേതൻ സകാരിയയുടെ പന്തിൽ റിലീ റൂസോ ക്യാച്ചെടുത്താണു ഗെയ്ക്വാദിനെ പുറത്താക്കിയത്.
ശിവം ദുബെ (ഒന്‍പത് പന്തിൽ മൂന്ന് സിക്സടക്കം 22), രവീന്ദ്ര ജഡേജ (ഏഴു പന്തിൽ ഒരു സിക്സും മൂന്നു ഫോറുമടക്കം 20) എന്നിവരും ചെന്നൈയ്ക്കായി മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. നാലു പന്തുകൾ നേരിട്ട ക്യാപ്റ്റൻ ധോണി അഞ്ചു റണ്‍സെടുത്തു പുറത്താകാതെനിന്നു.
വാർണർ മാത്രം
മറുപടി ബാറ്റിംഗിൽ ഒരുഘട്ടത്തിലും ഡൽഹി ചെന്നൈക്കു വെല്ലുവിളിയായില്ല. നായകൻ ഡേവിഡ് വാർണർ മാത്രമാണു ഡൽഹിക്കായി പൊരുതിയത്. വാർണർ 58 പന്തിൽ അഞ്ചു സിക്സും ഏഴു ഫോറുമടക്കം 86 റണ്‍സ് നേടി പുറത്തായി. യഷ് ദുൾ (13), അക്സർ പട്ടേൽ (15) എന്നിവരാണു രണ്ടക്കം കണ്ട മറ്റു ഡൽഹി ബാറ്റർമാർ.
ചെന്നൈക്കായി ദീപക് ചാഹർ 22 റണ്‍സ് വഴങ്ങി മൂന്നും മഹീഷ് തീക്ഷണ, മതീശ പതിരണ എന്നിവർ രണ്ടും വിക്കറ്റ് നേടി.