ഹൊർഗെ-ലപോർട്ട കൂടിക്കാഴ്ച
Tuesday, June 6, 2023 12:38 AM IST
ബാഴ്സലോണ: അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയുടെ ബാഴ്സലോണയിലേക്കുള്ള മടക്കം സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകുന്നു. മെസിയെ ക്ലബ്ബിലെത്തിക്കാനുള്ള ശ്രമങ്ങൾക്കു ലാലിഗ പച്ചക്കൊടി കാട്ടിയെന്നാണു സൂചന.
നിലവിലെ സാഹചര്യത്തിൽ മെസി ബാഴ്സയിൽ മടങ്ങിയെത്താൻ സാധ്യത കൂടുതലാണെന്നാണു സ്പാനിഷ് മാധ്യമമായ റിലെവോ പറയുന്നത്. റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനു പിന്നാലെ, മെസിയുടെ പിതാവും ഏജന്റുമായ ഹൊർഗെ മെസി ബാഴ്സ പ്രസിഡന്റ് യുവാൻ ലപോർട്ടയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നു. ബാഴ്സയിലെത്താനുള്ള മെസിയുടെ താത്പര്യം ഹൊർഗെ മെസി കൂടിക്കാഴ്ചയ്ക്കുശേഷം സ്ഥിരീകരിക്കുകയും ചെയ്തു.
പ്രമുഖ താരങ്ങൾ ക്ലബ്ബ് വിട്ടതോടെ ലാഭിച്ച തുകയുടെ 40 ശതമാനവും ട്രാൻസ്ഫറുകളിൽനിന്ന് ലഭിക്കുന്ന പണത്തിന്റെ 20 ശതമാനവും ചെലവിട്ടാൽ മാത്രമേ മെസിയെ ക്ലബ്ബിലെത്തിക്കാനാകൂ എന്നാണു റിപ്പോർട്ടുകൾ.