അവസാന മത്സരത്തിൽ ഗോളടിച്ച് ബെൻസേമ
Tuesday, June 6, 2023 12:38 AM IST
മാഡ്രിഡ്: റയൽ മാഡ്രിഡിനായുള്ള അവസാന മത്സരത്തിൽ ഗോളടിച്ചു കരിം ബെൻസേമ. ലാ ലിഗ സീസണിലെ അവസാന മത്സരത്തിൽ അത്ലറ്റിക്കോ ബിൽബാവോയ്ക്കെതിരേയായിരുന്നു ബെൻസേമയുടെ ഗോൾനേട്ടം. മത്സരം ഇരുടീമുകളും ഒരോഗോൾ നേടി സമനിലയിൽ പിരിഞ്ഞു.
എദർ മിലിറ്റാവോയെ ബോക്സിൽ വീഴ്ത്തിയതിനു ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ചാണു ബെൻസേമ വിടവാങ്ങൽ ആഘോഷമാക്കിയത്. ഒയ്ഹാൻ സാൻസെറ്റാണു ബിൽവാവോയ്ക്കായി ഗോൾ നേടിയത്. അതേസമയം, ബിൽവാവോയ്ക്ക് അനുകൂലമായി ലഭിച്ച പെനൽറ്റി മൈക്കൽ വെസ്ഗ പാഴാക്കിയിരുന്നു.
അതേസമയം, ലീഗ് ജേതാക്കളായ ബാഴ്സലോണ അവസാന മത്സരത്തിൽ തോറ്റു. സെൽറ്റ വീഗോയോട് ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു ബാഴ്സയുടെ തോൽവി. സെൽറ്റയ്ക്കായി ഗാബ്രി വെയ്ഗ ഇരട്ടഗോൾ നേടിയപ്പോൾ അൻസു ഫാറ്റിയുടെ വകയായിരുന്നു ബാഴ്സയുടെ ആശ്വാസഗോൾ.