ബാഴ്സയിലേക്കു പോകുന്നത് മണ്ടത്തരം: മെസി
Friday, June 9, 2023 12:02 AM IST
സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്കു തിരിച്ചു പോകുന്നത് മണ്ടത്തരമായിരിക്കുമെന്ന വെളിപ്പെടുത്തലുമായി അർജന്റൈൻ സൂപ്പർ ഫുട്ബോളർ ലയണൽ മെസി.
അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിലേക്കു നീങ്ങുകയാണെന്നു സ്ഥിരീകരിച്ച മെസി, പിഎസ്ജിയിലെ തന്റെ ജീവിതത്തെക്കുറിച്ചും സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടീവോയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. ഇന്റർ മയാമിയിലേക്കുള്ള ട്രാൻസ്ഫറിന്റെ 100 ശതമാനം കാര്യങ്ങളും പൂർത്തിയായിട്ടില്ലെന്നും മെസി സൂചിപ്പിച്ചു.
എന്റെ ഭാവി എന്റെ കൈയിൽ
എഫ്സി ബാഴ്സലോണയിലേക്കു തിരികെ ഇല്ലെന്നും വീണ്ടും പഴയ കാര്യങ്ങൾ ആവർത്തിക്കുന്നതിലും മറ്റൊരാളുടെ കൈയിൽ എന്റെ ഭാവി ഏൽപ്പിക്കുന്നതിലും അർഥമില്ലെന്നും ലയണൽ മെസി വ്യക്തമാക്കി.
എഫ്സി ബാഴ്സലോണയിലേക്കു തിരിച്ചെത്താനുള്ള സാഹചര്യം ഉണ്ടെങ്കിലും എല്ലാ കാര്യങ്ങളിലും ഇതുവരെ കൃത്യത ഇല്ല. പഴയ സാഹചര്യത്തിലേക്കു തിരികെ പോകുന്നതിൽ അർഥമില്ല. എന്റെ ഭാവി ഞാൻ സ്വയം തീരുമാനിക്കുന്നു. കുടുംബത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുവാകേണ്ടതുണ്ട് - ലയണൽ മെസി വ്യക്തമാക്കി.
ആ പഴി കേൾക്കാനില്ല
ബാഴ്സലോണയിലേക്ക് എന്റെ തിരിച്ചുവരവ് അത്ര എളുപ്പമല്ല. കാരണം, എനിക്കു നൽകേണ്ട പ്രതിഫലത്തിനായി മറ്റു ചില കളിക്കാരെ വിൽക്കുകയും ചിലരുടെ ശന്പളം വെട്ടിക്കുറയ്ക്കുകയും വേണമെന്നാണു കേൾക്കുന്നത്. എന്റെ പേരിൽ മുന്പും പല ആരോപണങ്ങളും ഉണ്ടായിട്ടുണ്ട്. ഇതുകൂടി ഏറ്റെടുക്കേണ്ട ആവശ്യം നിലവിൽ ഇല്ല. എന്നെ തിരികെ എത്താക്കാൻ സാധിക്കുന്ന എല്ലാം ബാഴ്സലോണ ചെയ്തതായി വിശ്വസിക്കുന്നില്ല. ബാഴ്സലോണയിൽ ചിലർക്ക് ഞാൻ ക്ലബ്ബിൽ എത്തുന്നതിനോട് എതിർപ്പുണ്ട്. മെസിയുടെ തിരിച്ചുവരവ് ക്ലബ്ബിനു ഗുണം ചെയ്യില്ല എന്നാണ് അത്തരക്കാരുടെ നിലപാട് - മെസി പറഞ്ഞു.
പിഎസ്ജി ജീവിതം കഠിനം
ബാഴ്സലോണയിൽനിന്ന് പിഎസ്ജിയിൽ എത്തിയപ്പോൾ എനിക്ക് അതിയായ വിഷമം ഉണ്ടായിരുന്നു. അക്കാലത്ത് ബാഴ്സലോണയുടെ മത്സരങ്ങൾ കാണുമായിരുന്നു. പിഎസ്ജിയിലെ ആദ്യ സീസണ് ദുർഘടം പിടിച്ചതായാണു തോന്നിയത്. രണ്ടാം സീസണിന്റെ ആദ്യ ആറു മാസം മികച്ചതായിരുന്നു. ഫിഫ ലോകകപ്പ് എത്തിയതോടെ ആകെ താളം നഷ്ടപ്പെട്ടു. പിന്നീട് എല്ലാം യാന്ത്രികമായി - ലയണൽ മെസി മനസ് തുറന്നു.
സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ 2828 കോടി രൂപ വാർഷിക പ്രതിഫലത്തിൽ മെസിയെ സ്വന്തമാക്കാൻ തയാറായിരുന്നു. അത് വേണ്ടെന്നുവച്ചാണ് ഡേവിഡ് ബെക്കാമിന്റെ ക്ലബ്ബായ ഇന്റർ മയാമി ലയണൽ മെസി തെരഞ്ഞെടുത്തത്. കരാറുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.