ഹോക്കി: ഇന്ത്യ ഫൈനലിൽ
Saturday, June 10, 2023 11:27 PM IST
ടോക്കിയോ: എട്ടാമത് വനിതാ ജൂണിയർ ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ ആതിഥേയരായ ജപ്പാനെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കിയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ഇന്നു നടക്കുന്ന ഫൈനലിൽ മുൻ ചാന്പ്യന്മാരായ ദക്ഷിണകൊറിയയാണ് ഇന്ത്യയുടെ എതിരാളി. ചൈനയെ 0-2നു കീഴടക്കിയാണ് ദക്ഷിണകൊറിയ ഫൈനലിൽ ഇടംപിടിച്ചത്.
ആതിഥേയരായ ജപ്പാനെതിരേ 47-ാം മിനിറ്റിൽ സുനെലിത ടോപ്പോ നേടിയ ഗോളിലായിരുന്നു ഇന്ത്യൻ ജയം. പൂൾ എ യിൽ മൂന്ന് ജയവും ഒരു സമനിലയും ഉൾപ്പെടെ 10 പോയിന്റുമായി ചാന്പ്യന്മാരായാണ് ഇന്ത്യ സെമിയിൽ കടന്നത്. പൂൾ എയിൽ മൂന്ന് ജയവും ഒരു സമനിലയും ഉൾപ്പെടെ 10 പോയിന്റ് നേടി രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണ കൊറിയയുടെ സെമി പ്രവേശം. ഗോൾ വ്യത്യാസത്തിലാണ് ഇന്ത്യ, ദക്ഷിണ കൊറിയയെ പൂളിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. പൂളിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ 2-2 സമനിലയായിരുന്നു ഫലം.
02: രണ്ടാം ഫൈനൽ
ജൂണിയർ ഏഷ്യ കപ്പ് വനിതാ ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ പ്രവേശിക്കുന്നത് ഇതു രണ്ടാം തവണ. 2012ൽ ഫൈനലിൽ പ്രവേശിച്ചെങ്കിലും കിരീട പോരാട്ടത്തിൽ ചൈനയോട് പരാജയപ്പെട്ടു. നാല് തവണ (1992, 1996, 2000, 2008) ചാന്പ്യന്മാരായ ദക്ഷിണ കൊറിയയാണ് ഏഷ്യ കപ്പ് ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയ ടീം.