മൂന്നടിച്ച് മൊറാട്ട
Sunday, September 10, 2023 1:13 AM IST
തിബിലിസി (ജോർജിയ): 2024 യുവേഫ യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ സ്പെയിനിനു വന്പൻ ജയം. ഗ്രൂപ്പ് എയിലെ എവേ പോരാട്ടത്തിൽ സ്പെയിൻ 7-1ന് ജോർജിയയെ തകർത്തു.
ആർവാരൊ മൊറാട്ടയുടെ ഹാട്രിക്കാണ് (22’, 40’, 66’) സ്പെയിനിനു വന്പൻ ജയം സമ്മാനിച്ചത്. ഡാനി മോൾമൊ (38’), നിക്കോ വില്യംസ് (68’), യാമിനെ യമാൽ (74’) എന്നിവരും സ്പെയിനിനായി ലക്ഷ്യംകണ്ടു.
ഒരു ഗോൾ സെൽഫിലൂടെയും ലാ റോജയുടെ അക്കൗണ്ടിലെത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്കോട്ട് ലൻഡ് 3-0ന് സൈപ്രസിനെ കീഴടക്കി. അഞ്ച് മത്സരങ്ങളിൽ അഞ്ചും ജയിച്ച് 15 പോയിന്റുമായി സ്കോട്ട് ലൻഡാണ് ഗ്രൂപ്പിൽ ഒന്നാമത്. മൂന്ന് മത്സരങ്ങളിൽനിന്ന് മൂന്നു പോയിന്റുമായി സ്പെയിൻ രണ്ടാമതാണ്.
ഗ്രൂപ്പ് ഡിയിൽ ക്രൊയേഷ്യ 5-0ന് ലാത്വിയയെ തകർത്തു. ബ്രൂണോ പെറ്റ്കോവിച്ച് (3’, 44’) ക്രൊയേഷ്യക്കായി ഇരട്ട ഗോൾ സ്വന്തമാക്കി. തുർക്കിക്കു (അഞ്ച് മത്സരത്തിൽ 10 പോയിന്റ്) പിന്നിൽ രണ്ടാം സ്ഥാനത്താണ് ക്രൊയേഷ്യ (മൂന്ന് മത്സരത്തിൽ ഏഴ് പോയിന്റ്).
ഗ്രൂപ്പ് ജെയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മഞ്ഞക്കാർഡ് കണ്ട മത്സരത്തിൽ പോർച്ചുഗൽ 1-0ന് സ്ലോവാക്യയെ തോൽപ്പിച്ചു. ബ്രൂണോ ഫെർണാണ്ടസ് (43’) ആയിരുന്നു പോർച്ചുഗലിന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്. അഞ്ച് മത്സരത്തിൽ അഞ്ചും ജയിച്ച് 15 പോയിന്റുമായി പോർച്ചുഗൽ ഗ്രൂപ്പിന്റെ തലപ്പത്ത് തുടരുന്നു. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് യൂറോ കപ്പ് യോഗ്യത ലഭിക്കുക.