ഗോൾ വേട്ടയിൽ പെലെയെ മറികടന്ന് നെയ്മർ
Sunday, September 10, 2023 1:13 AM IST
റിയൊ: ബ്രസീലിനായുള്ള രാജ്യാന്തര ഗോൾ വേട്ടയിൽ ഇതിഹാസ താരം പെലെയെ മറികടന്ന് നെയ്മർ ഒന്നാമത്.
2026 ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇരട്ട ഗോൾ നേടിയതോടെയാണ് നെയ്മർ പെലെയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയത്.
എതിർവല കുലുക്കിയശേഷം പെലെയുടെ ഗോളാഘോഷമാണ് നെയ്മർ അനുകരിച്ചതെന്നതും ശ്രദ്ധേയം. ബൊളീവിയയ്ക്ക് എതിരായ ഹോം മത്സരത്തിൽ 61, 90+3 മിനിറ്റുകളിൽ നെയ്മർ ബ്രസീലിനായി ഗോൾ സ്വന്തമാക്കി.
റോഡ്രിഗൊയും (24’, 53’) റാഫീഞ്ഞയുടെ (47’) കാനറികൾക്കു വേണ്ടി ഗോൾ നേടി. 5-1നായിരുന്നു ബ്രസീൽ ബൊളീവിയയെ കെട്ടുകെട്ടിച്ചത്. 2022 ഫിഫ ഖത്തർ ലോകകപ്പിന്റെ ക്വാർട്ടറിൽ പരാജയപ്പെട്ട് ബ്രസീൽ പുറത്തായിരുന്നു. അതിനുശേഷം മൂന്ന് സൗഹൃദ മത്സരങ്ങൾക്കിറങ്ങിയ ബ്രസീൽ രണ്ടിലും പരാജയപ്പെട്ടു.
ടോപ് സ്കോറർ
125 മത്സരങ്ങളിൽ 79 ഗോൾ നേടിയാണ് രാജ്യാന്തര ഫുട്ബോളിൽ ബ്രസീലിന്റെ ടോപ് സ്കോറർ സ്ഥാനം നെയ്മർ ഏറ്റെടുത്തത്. 92 മത്സരങ്ങളിൽ 77 ഗോൾ നേടിയ പെലെയ്ക്ക് ഒപ്പം റിക്കാർഡ് പങ്കിടുകയായിരുന്നു നെയ്മർ.
1957-71 കാലഘട്ടത്തിലാണ് പെലെ ബ്രസീൽ ജഴ്സി അണിഞ്ഞത്. മൂന്ന് തവണ ബ്രസീൽ ലോകകപ്പ് നേടിയപ്പോൾ ടീമിന്റെ നിർണായക താരമായിരുന്നു പെലെ. രാജ്യാന്തര ഗോൾ വേട്ടയിൽ ഒന്പതാമതും നെയ്മർ എത്തി.
2026 ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിലെ മറ്റൊരു മത്സരത്തിൽ ഉറുഗ്വെ 3-1ന് ചിലിയെ തോൽപ്പിച്ചു. ബ്രസീലിന്റെ അടുത്ത മത്സരം പെറുവിനെതിരേ ബുധനാഴ്ച നടക്കും.
ആദ്യ റൗണ്ടിൽ ബ്രസീൽ, ഉറുഗ്വെ ടീമുകൾക്കൊപ്പം അർജന്റീനയും കൊളംബിയയും ജയം സ്വന്തമാക്കി. അർജന്റീനയുടെ അടുത്ത മത്സരം ബൊളീവിയയ്ക്കെതിരേയാണ്.