വാർണർ റിക്കാർഡിൽ, ഓസീസ് ഒന്നിൽ
Sunday, September 10, 2023 11:15 PM IST
ബ്ലൂംഫൗണ്ടെയിൻ: ഐസിസി ഏകദിന ക്രിക്കറ്റ് റാങ്കിംഗിൽ പാക്കിസ്ഥാനെ പിന്തള്ളി ഓസ്ട്രേലിയ ഒന്നാമത് തിരിച്ചെത്തി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ 123 റണ്‍സിന്റെ വന്പൻ ജയം സ്വന്തമാക്കിയതോടെയാണ് ഓസ്ട്രേലിയ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. 121 പോയിന്റാണ് ഓസ്ട്രേലിയയക്ക്. 120 പോയിന്റുമായി പാക്കിസ്ഥാൻ രണ്ടാം സ്ഥാനത്തുണ്ട്. 114 പോയിന്റുള്ള ഇന്ത്യയാണ് മൂന്നാമത്.
ഡേവിഡ് വാർണർ (93 പന്തിൽ 106), മാർനസ് ലബൂഷെയ്ൻ (99 പന്തിൽ 124) എന്നിവരുടെ സെഞ്ചുറിയിലൂടെ ഓസ്ട്രേലിയ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 392 റണ്‍സ് നേടി. അഞ്ചു മത്സര പരന്പരയിൽ ഓസ്ട്രേലിയ ഇതോടെ 2-0ന്റെ ലീഡ് നേടി. മൂന്നാം ഏകദിനം നാളെ അരങ്ങേറും.
സച്ചിനെ മറികടന്ന് വാർണർ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ സെഞ്ചുറി നേടിയ വാർണർ, ഇതിഹാസ ഇന്ത്യൻ താരം സച്ചിൻ തെണ്ടുൽക്കറിന്റെ റിക്കാർഡും പഴങ്കഥയാക്കി.
ഓപ്പണറായി ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന സച്ചിന്റെ റിക്കാർഡാണ് വാർണർ തകർത്തത്. ഓപ്പണറായി 342 ഇന്നിംഗ്സിൽനിന്ന് 45 സെഞ്ചുറി നേടിയ സച്ചിന്റെ റിക്കാർഡ് വാർണർ സ്വന്തം പേരിലാക്കി. 428 ഇന്നിംഗ്സിൽനിന്നാണ് വാർണർ 46 സെഞ്ചുറിയിലെത്തിയത്.