ഡയമണ്ട് ഫിനാലെ
Friday, September 15, 2023 3:40 AM IST
യൂജിൻ: 2023 സീസണിലെ ഡയമണ്ട് ലീഗ്സ് ഫൈനൽ നാളെ മുതൽ അമേരിക്കയിലെ യൂജിനിൽ. 16, 17 തീയതികളിലാണു സീസണിലെ ഡയമണ്ട് ലീഗ് ഫൈനൽ.
ഇന്ത്യയെ പ്രതിനിധീകരിച്ച് പുരുഷ ജാവലിൻത്രോ താരം നീരജ് ചോപ്രമാത്രമാണു ഡയമണ്ട് ലീഗ് ഫൈനലിൽ മാറ്റുരയ്ക്കുക. പുരുഷ ലോംഗ്ജംപിൽ മലയാളി താരം എം. ശ്രീശങ്കർ, 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബ്ലെ, ട്രിപ്പിൾജംപിൽ പ്രവീണ്‍ ചിത്രവേൽ എന്നിവർക്കു ഡയമണ്ട് ലീഗ് ഫൈനലിനു യോഗ്യത ലഭിച്ചെങ്കിലും ഏഷ്യൻ ഗെയിംസിൽ ശ്രദ്ധചെലുത്താനായി പിൻവാങ്ങി.
2023 സീസണിൽ ദോഹ, ലൂസെയ്ൻ ഡയമണ്ട് ലീഗ് ജാവലിൻത്രോ സ്വർണം നീരജ് ചോപ്രയ്ക്കായിരുന്നു. എന്നാൽ, മൊണാക്കോയിലും സൂറിച്ചിലും ചെക് താരം യാകൂബ് വാഡ്ലെച്ചിനായിരുന്നു സ്വർണം. സൂറിച്ചിൽ നീരജ് വെള്ളി സ്വന്തമാക്കി.
സൂപ്പർ താര പോരാട്ടം
അമേരിക്കൻ പുരുഷ 100 മീറ്റർ താരം നോഹ് ലയൽസ്, അമേരിക്കൻ വനിതാ 100 മീറ്റർ താരം ഷാക്കാരി റിച്ചാർഡ്സണ്, സ്വീഡിഷ് പുരുഷ പോൾപോൾട്ട് സൂപ്പർ താരം അർമാൻഡ് ഡുപ്ലാന്റിസ്, കെനിയയുടെ മധ്യദൂര ഓട്ടക്കാരി ഫെയ്ത്ത് കിപ്യെഗണ് തുടങ്ങിയ മുൻനിര താരങ്ങൾ സീസണിലെ അവസാന പോരാട്ടത്തിന് എത്തുന്ന വേദിയാണ് യൂജിൻ എന്നതും ശ്രദ്ധേയം. പുരുഷ 100 മീറ്ററിൽ നോഹ് ലയൽസും ഫ്രെഡ് കെർലിയും ക്രിസ്റ്റ്യൻ കോൾമാനും തമ്മിലായിരിക്കും പ്രധാന പോരാട്ടം.
വനിതാ 200 മീറ്ററിൽ ജമൈക്കയുടെ ഷരിക്ക ജാക്സണിന്റെ ലക്ഷ്യം 35 വർഷം പഴക്കമുള്ള ഫ്ളോറെൻസ് ഗ്രിഫ്ത്ത് ജോയ്നറിന്റെ റിക്കാർഡ് തിരുത്തുക എന്നതാണ്.