"മുന്നോട്ടുതന്നെ'; ഏകദിന പരന്പരയ്ക്കുള്ള ടീമിൽനിന്ന് ഒഴിവാക്കിയതിൽ പ്രതികരണവുമായി സഞ്ജു
Tuesday, September 19, 2023 11:45 PM IST
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കിയതിൽ പ്രതികരണവുമായി മലയാളി താരം സഞ്ജു സാംസണ്. മുന്നോട്ടുപോകാനാണു തന്റെ തീരുമാനമെന്നു സഞ്ജു സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.
‘അത് അങ്ങനെയാണ്, മുന്നോട്ടു പോകാനാണു തീരുമാനം’- സഞ്ജു ഫേസ്ബുക്കിൽ കുറിച്ചു. ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടതിനു പിന്നാലെ പുഞ്ചിരിയുടെ ഒരു ഇമോജി സഞ്ജു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
നേരത്തേ ഏഷ്യൻ ഗെയിംസ്, ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമുകളിലേക്കും സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. ഏഷ്യാ കപ്പിൽ റിസർവ് താരമായി ടീമിനൊപ്പം സഞ്ജുവും ശ്രീലങ്കയിലേക്കു പോയിരുന്നു.
എന്നാൽ, ആദ്യ രണ്ടു മത്സരങ്ങൾക്കു ശേഷം കെ.എൽ. രാഹുൽ ടീമിനൊപ്പം ചേർന്നതോടെ സഞ്ജുവിന്റെ സാധ്യതകൾ അടഞ്ഞു. പരിക്കുമാറിയ രാഹുൽ ശ്രീലങ്കയിലെത്തിയതിനു പിന്നാലെ സഞ്ജു നാട്ടിലേക്കു മടങ്ങി. ഈ മാസം 21നാണ് ഓസ്ട്രേലിയയ്ക്കെതിരായ മൂന്നു മത്സരങ്ങളുള്ള പരന്പര തുടങ്ങുന്നത്.
ലോകകപ്പിനു തൊട്ടുമുന്പുള്ള പരന്പരയിലെ ആദ്യ രണ്ടു കളികളിൽ ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ തുടങ്ങിയ പ്രധാന താരങ്ങൾക്ക് ബിസിസിഐ വിശ്രമം അനുവദിച്ചു.
പകരം, തിലക് വർമ, ഋതുരാജ് ഗെയ്ക്വാദ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. കെ.എൽ. രാഹുലിന്റെ നേതൃത്വത്തിലാണു ടീം ഇറങ്ങുക. മൂന്നാം ഏകദിനത്തിൽ രോഹിതും കോഹ്ലിയും പാണ്ഡ്യയും കളിക്കും.
ഏഷ്യാ കപ്പിനിടെ പരിക്കേറ്റ അക്ഷർ പട്ടേലിനെ മൂന്നാം ഏകദിനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യാ കപ്പിൽ നിറംമങ്ങിയ ബാറ്റർ സൂര്യകുമാർ യാദവിനെയും ടീമിൽ നിലനിർത്തി.