ബാഴ്സ, മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി ടീമുകൾക്കു ജയം
Thursday, September 21, 2023 1:27 AM IST
ചാന്പ്യൻസ് ലീഗ് സീസണിൽ വന്പന്മാർക്കു വിജയത്തുടക്കം. ആദ്യ റൗണ്ട് പോരാട്ടത്തിനിറങ്ങിയ ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി ടീമുകൾ ജയിച്ചുകയറി. ബാഴ്സ ആന്റ്വെർപിനെയും സിറ്റി റെഡ് സ്റ്റാർ ബെൽഗ്രേഡിനെയും പിഎസ്ജി ബൊറൂസിയ ഡോർട്ട്മുണ്ടിനെയും പരാജയപ്പെടുത്തി.
ഹോം മത്സരത്തിൽ ബെൽജിയം ക്ലബ് റോയൽ ആന്റ് വെർപിനെ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്കാണു ബാഴ്സ തകർത്തത്. ഴാവോ ഫെലിക്സ് ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ റോബർട്ട് ലെവൻഡോവ്സ്കി, ഗാവി എന്നിവരും സ്കോർ ചെയ്തു.
ആന്റ്വെർപ് താരം യെല്ലെ ബാറ്റയ്യെയുടെ സെൽഫ് ഗോളും കൂടിയായതോടെ ബാഴ്സ അഞ്ചു തികച്ചു. മത്സരം ആരംഭിച്ച് അരമണിക്കൂറിനുള്ളിൽത്തന്നെ ബാഴ്സ മൂന്നു ഗോളിനു മുന്നിലെത്തിയിരുന്നു.
ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരേ മൂന്നു ഗോളുകൾക്കു സെർബിയൻ ക്ലബ്ബായ റെഡ് സ്റ്റാർ ബെൽഗ്രേഡിനെ തോൽപ്പിച്ചു.
ഒസ്മാൻ ബുകാരിയിലൂടെ ലീഡ് നേടിയശേഷമാണു റെഡ് സ്റ്റാർ തോൽവി വഴങ്ങിയത്. സിറ്റിക്കായി ജൂലിയൻ അൽവാരസ് ഇരട്ട ഗോൾ നേടി. റോഡ്രിയാണു സിറ്റിയുടെ മൂന്നാം ഗോളിന്റെ ഉടമ.
ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ പിഎസ്ജി ജർമൻ കരുത്തരായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തി. പാരീസിൽ നടന്ന മത്സരത്തിൽ കിലിയൻ എംബാപ്പെയും അഷ്റഫ് ഹക്കീമിയുമാണു ഫ്രഞ്ച് ക്ലബ്ബിനായി സ്കോർ ചെയ്തത്. പെനാൽറ്റിയിൽനിന്നായിരുന്നു എംബാപ്പെയുടെ ഗോൾ.
മരണഗ്രൂപ്പ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗ്രൂപ്പ് എഫിൽ ന്യൂകാസിൽ യുണൈറ്റഡും എസി മിലാനുമാണു മറ്റു ടീമുകൾ. ഇരുടീമുകളും തമ്മിൽ ഇന്നലെ നടന്ന പോരാട്ടം ഗോൾരഹിത സമനിലയിൽ അവസാനിച്ചിരുന്നു. മറ്റു മത്സരങ്ങളിൽ ആർബി ലെയ്പ്സിഗ് യംഗ് ബോയ്സിനെയും (3-1), ഫെയർനൂദ് സെൽറ്റിക്കിനെയും (2-0), പോർട്ടോ ഷാക്തർ യുണൈറ്റഡിനെയും (3-1) പരാജയപ്പെടുത്തി.