ഇന്ത്യ സെമിയിൽ
Friday, September 22, 2023 1:41 AM IST
ഹാംഗ്ഷൗ: ഇന്ത്യൻ വനിതകൾ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സെമി ഫൈനലിൽ. ഇന്ത്യ-മലേഷ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചതിനെത്തുടർന്ന് റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ സെമി യോഗ്യത നേടിയത്.
15 ഓവറായി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 173 റണ്‍സ് നേടി. മലേഷ്യയുടെ മറുപടി ബാറ്റിംഗ് തുടങ്ങിയതിനു തൊട്ടുപിന്നാലെ മഴയെത്തി. തുടർന്ന് കളി ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യക്കായി ഓപ്പണർ ഷെഫാലി വർമ 39 പന്തുകളിൽനിന്ന് 67 റണ്‍സ് അടിച്ചു. അഞ്ചു സിക്സുകളും നാലു ബൗണ്ടറികളും ഉൾപ്പെടുന്ന ഇന്നിംഗ്സ്. ജെമൈമ റോഡ്രിഗസ് (47), സ്മൃതി മന്ഥാന (27), റിച്ച ഘോഷ് (21) എന്നിവരാണു മറ്റു സ്കോറർമാർ. ഞായറാഴ്ചയാണു സെമി ഫൈനൽ. ഇന്നലെ നടക്കേണ്ടിയിരുന്ന പാക്കിസ്ഥാൻ-ഇന്തോനേഷ്യ മത്സരവും മഴ കാരണം ഉപേക്ഷിച്ചു. റാങ്കിംഗിന്റെ പിൻബലത്തിൽ പാക്കിസ്ഥാനും സെമിയിലെത്തി.