അശ്വൽ ഉൾപ്പെടുന്ന ഇന്ത്യൻ ടീം അടുത്ത റൗണ്ടിൽ തങ്ങളുടെ ഏറ്റവും ബുദ്ധിമുട്ടേറിയ മത്സരം കളിക്കുകയാണ്; ഏഷ്യയിലെ ഏറ്റവും മികച്ച വോളിബോൾ ടീമായ ജപ്പാനെതിരേ. കഴിഞ്ഞ എഡിഷനിലെ അഞ്ചാം സ്ഥാനത്തിന്റെ കുറവ് തീർക്കാനാണു ജപ്പാന്റെ വരവ്. ഫലമെന്താകും, അറിയില്ല! ഒന്നുറപ്പാണ്; ഈസി വാക്കോവറാകില്ല ജപ്പാന്റേത്.
അമിത്-വിനീത് കുമാർ-അശ്വൽ റായ് സഖ്യത്തിന്റെ സ്പൈക്കിംഗ്, മുത്തുസാമിയുടെ സെറ്റിംഗ്, മനോജ് മഞ്ജുനാഥ്-എറിൻ വർഗീസ് കൂട്ടുകെട്ടിന്റെ കരുത്തുറ്റ ബ്ലോക്കുകൾ; ഇന്ത്യൻ വിജയത്തിന്റെ ചേരുവകളാണിത്. കംബോഡിയയ്ക്കും ദക്ഷിണകൊറിയയ്ക്കുമെതിരേ ഇന്ത്യൻ കുതിപ്പിന്റെ സൂചനകൾ ലഭിച്ചിരുന്നെങ്കിലും ഉറപ്പിച്ചത് ഇന്നലെ തായ്പേയ്ക്ക് എതിരേയായിരുന്നു. 25-22, 25-22, 25-21 എന്നതാണു സ്കോർ ബോർഡിൽ തെളിഞ്ഞതെങ്കിലും ഒരുഘട്ടത്തിലും തായ്പേയ് ഇന്ത്യക്കു ഭീഷണിയായില്ല.
എണ്പതുകളിലെ സുവർണകാലത്തിന്റെ മറപറ്റി, ശേഷിച്ച പതിറ്റാണ്ടുകൾ കളിച്ചുതീർത്ത ഇന്ത്യൻ ടീം, ഇപ്പോൾ കാണിക്കുന്ന ഈ കരുത്തിന്റെ കാരണമെന്ത്? പ്രത്യേകിച്ച്, ബന്ധുക്കളുടെ സ്വർണം പണയംവച്ച പണംകൊണ്ട് ടൂർണമെന്റുകളിൽ പങ്കെടുത്ത, ദേശീയ ടീമിൽ കളിക്കാക്കാനായി കോടതിൽ കേസ് നടത്തേണ്ടിവന്ന, താരങ്ങളുടെ ഭൂതകാലം ഇന്ത്യയെ വേട്ടയാടുന്പോൾ.
ആഭ്യന്തര ടൂർണമെന്റായ പ്രൈം വോളിബോൾ ലീഗിന്റെ വരവാണ് ഇന്ത്യൻ വോളിയുടെ ഉത്ഥാനത്തിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. താരങ്ങൾക്കു മികവു തെളിയിക്കാനും പ്രതിഭയെ തേച്ചുമിനുക്കാനുള്ള പ്ലാറ്റ്ഫോം പ്രൈം വോളി ഒരുക്കിനൽകി. ഏകദേശം നാലു പതിറ്റാണ്ടിനുശേഷം ഇന്ത്യ ഒരു ഏഷ്യൻ ഗെയിംസ് വോളിബോൾ മെഡലിനോട് അടുക്കുന്നതിന്റെ പ്രധാന കാരണവും ഇതാണ്.
കളിക്കാരുടെ സാങ്കേതികമികവിൽ മുന്പും ചോദ്യങ്ങളുണ്ടായിട്ടില്ല. ഇതിനൊപ്പം പ്രൈം വോളിയുടെ ഉപോത്പന്നമായ സ്ഥിരതകൂടി ചേർന്നതോടെ ഏതു വന്പനോടും മുട്ടാൻ കെൽപ്പുള്ള കരുത്തുറ്റ ടീമായി ഇന്ത്യ മാറിയിരിക്കുന്നു.