വനിതകളുടെ അന്പെയ്ത്ത് വ്യക്തിഗത ഇനത്തിൽ ഭജൻ കൗറിനു പിന്നാലെ ദീപിക കുമാരിയും പ്രീക്വാർട്ടറിൽ. നെതർലൻഡ്സിന്റെ ക്വിന്റി റോഫനെ 6-2ന് തോല്‍പ്പിച്ചാണ് ദീപികയുടെ മുന്നേറ്റം.
ലക്ഷ്യം തെറ്റാതെ സെൻ, സിന്ധു ബാഡ്മിന്റണിൽ ലക്ഷ്യ സെന്നും പി.വി. സിന്ധുവും പ്രീക്വാർട്ടറിൽ. പുരുഷ സിംഗിൾസിൽ ഗ്രൂപ്പ് എല്ലിലെ അവസാന മത്സരത്തിൽ ലോക നാലാം റാങ്ക് ഇന്തോനേഷ്യൻ താരം ജോനാഥൻ ക്രിസ്റ്റിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് സെൻ പ്രീക്വാർട്ടറിലെത്തിയത്. 21-18, 21-12നാണ് 22-ാം റാങ്കിലുള്ള ഇന്ത്യൻ താരത്തിന്റെ ജയം. പാരീസിലെ ഒളിന്പിക് ബാഡ്മിന്റണിൽ മെഡൽ പ്രതീക്ഷയുണ്ടായിരുന്നവരിൽ ഒരാളായിരുന്നു ക്രിസ്റ്റി. ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനത്തെത്തുന്നവരാണ് പ്രീക്വാർട്ടറിലെത്തുക.
വനിതകളുടെ സിംഗിൾസിൽ ഗ്രൂപ്പ് എമ്മിലെ അവസാന മത്സരത്തിൽ പി.വി. സിന്ധു 21-5, 21-10ന് എസ്റ്റോണിയയുടെ ക്രിസ്റ്റിൻ കുബയെ തോൽപ്പിച്ചു പ്രീക്വാർട്ടറിലെത്തി.
ടേബിൾ ടെന്നീസ്: ശ്രീജ പ്രീക്വാർട്ടറിൽ, മണിക ബത്ര പുറത്ത് ടേബിൾ ടെന്നീസ് വനിതാ സിംഗിൾസിൽ ശ്രീജ അകുല പ്രീക്വാർട്ടറിൽ. ആവേശകരമായ മത്സരത്തിൽ 4-2 ന് സിംഗപ്പുരിന്റെ സെങ് ജിയാനെ തോൽപ്പിച്ചാണ് ശ്രീജയുടെ മുന്നേറ്റം. ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായിരുന്ന മണിക ബത്ര പ്രീക്വാർട്ടറിൽ പുറത്തായി. ജപ്പാന്റെ മിയു ഹിരാനോയോട് 4-1നാണ് ബത്ര തോറ്റത്.