590 പോയിന്റാണ് യോഗ്യതാ റൗണ്ടിൽ മനു കുറിച്ചത്. 592 പോയിന്റ് നേടിയ ഹംഗറിയുടെ വെറോണിക്ക മേജർ മാത്രമേ ഇന്ത്യൻ താരത്തേക്കാൾ മുന്നിലുണ്ടായിരുന്നുള്ളൂ. ഇറാന്റെ ഹനിയേ റോസ്തമിയാനായിരുന്നു (588) മൂന്നാം സ്ഥാനത്ത്. വെറോണിക്കയ്ക്കും റോസ്തമിയാനും പാരീസ് ഒളിന്പിക്സിൽ ഇതുവരെ മെഡൽ ഇല്ല.
ചരിത്രം പിറക്കട്ടെ... ഒളിന്പിക് ചരിത്രത്തിൽ രാജ്യത്തിനുവേണ്ടി മൂന്നു വ്യക്തിഗത മെഡൽ നേടുന്ന താരം എന്ന ചരിത്രം മനു ഭാകർ സ്വന്തമാക്കട്ടേയെന്ന പ്രാർഥനയിലാണ് നൂറ്റിനാൽപ്പതു കോടിയിലധികം വരുന്ന ഇന്ത്യക്കാർ.
ഒളിന്പിക്സിന്റെ ഒരു എഡിഷനിൽ രണ്ട് മെഡൽ നേടുന്ന ആദ്യതാരം എന്ന റിക്കാർഡ് ഇതിനോടകം മനു ഭാകർ സ്വന്തമാക്കിയിട്ടുണ്ട്. 1900 പാരീസ് ഒളിന്പിക്സിൽ ബ്രിട്ടീഷ് ഇന്ത്യക്കാരനായ നോർമൻ പ്രിച്ചാർഡ് മാത്രമാണ് (പുരുഷ 200 മീറ്റർ, 200 മീറ്റർ ഹർഡിൽസ് ഇനങ്ങളിൽ വെള്ളി) ഒരു എഡിഷനിൽ രണ്ടു മെഡൽ സ്വന്തമാക്കിയത്. സ്വാതന്ത്ര്യത്തിനുശേഷം ഈ നേട്ടം മനു ഭാകറിനു മാത്രം സ്വന്തം.
ഗുസ്തി താരം സുശീൽ കുമാർ (2008 വെങ്കലം, 2012 വെള്ളി), വനിതാ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു (2016 വെള്ളി, 2020 വെങ്കലം) എന്നിവരും ഇന്ത്യക്കായി രണ്ട് ഒളിന്പിക്സ് മെഡൽ സ്വന്തമാക്കിയിട്ടുണ്ട്.