രണ്ടാം പകുതിയുടെ തുടക്കത്തിൽ ശ്രീജേഷിന് പരിക്കിനെത്തുടർന്ന് ചികിത്സ വേണ്ടിവന്നു. പരിക്ക് ഗുരുതരമാകാതിരുന്നത് ആശ്വാസമായി. ബ്രിട്ടൻ ലീഡ് നേടുമെന്നു ഉറപ്പിച്ച മൂന്നു രക്ഷപ്പെടുത്തലുകളാണ് ഇന്ത്യൻ ഗോൾകീപ്പർ മൂന്നാം ക്വാർട്ടറിൽ നടത്തിയത്.
45-ാം മിനിറ്റിൽ സുമിതിന് ഗ്രീൻ കാർഡ് കണ്ടതോടെ ഇന്ത്യ ഒന്പതു പേരായി ചുരുങ്ങി. അടുത്ത ക്വാർട്ടറിൽ ബ്രിട്ടന്റെ റുപർട്ട് സിപ്പേർലിയും ഗ്രീൻകാർഡ് കണ്ടു. അവസാന ക്വാർട്ടറിൽ ബ്രിട്ടൻ തുടർച്ചയായി ആക്രമിച്ചുകൊണ്ടിരുന്നു. എന്നാൽ, ശ്രീജേഷിന്റെയും പ്രതിരോധക്കാരുടെയും മികവിനു മുന്നിൽ ബ്രിട്ടീഷ് ആക്രമണത്തിന്റെ മുനയൊടിഞ്ഞു. അവസാന മിനിറ്റുകളിൽ ബ്രിട്ടന്റെ തുടർച്ചയായുള്ള ശ്രമങ്ങൾ ഗോളി തടഞ്ഞു. 56-ാം മിനിറ്റിൽ വലയ്ക്കു തൊട്ടടുത്തുനിന്ന് വില്യം കൽനാന്റെ ഗോളെന്നുറച്ച് ശ്രമം ശ്രീജേഷ് തട്ടിയകറ്റി.
ഷൂട്ട് ഔട്ട് ഷൂട്ടൗട്ടിൽ ആദ്യ അവസരം ബ്രിട്ടനായിരുന്നു. ജയിംസ് ആൽബെറി ബ്രിട്ടനെ മുന്നിലെത്തിച്ചു. ഇന്ത്യക്ക് ഹർമൻപ്രീത് സിംഗ് സമനില നൽകി. സാക് വലാസ് ബ്രിട്ടനെ വീണ്ടും ലീഡിലെത്തിച്ചു. സുഖ്ജീത് സിംഗിലൂടെ ഇന്ത്യ തിരിച്ചടിച്ചു. കോണർ വില്യംസണിന്റെ ശ്രമം വലയ്ക്കു മുകളിലൂടെയായിരുന്നു. ലളിത് ഉപാധ്യായ ഇന്ത്യയെ മുന്നിലെത്തിച്ചു. ബ്രിട്ടന്റെ നിർണായക ഷോട്ടിനു വന്ന ഫിലിപ്പ് റോപ്പറിനും ശ്രീജേഷിനെ മറികടക്കാനായില്ല. ഇന്ത്യയുടെ നാലാമത്തെ ഷോട്ട് രാജ്കുമാർ പാൽ വലയിലാക്കി ഇന്ത്യയെ സെമിയിലെത്തിച്ചു.