തട്ടകത്തിൽ തകർക്കാൻ കൊച്ചി കൊച്ചി: പോർച്ചുഗലിൽ നിന്നുള്ള മരിയോ ലെമോസ് പരിശീലിപ്പിക്കുന്ന ഫോഴ്സ കൊച്ചി എഫ്സി ടീം പരിചയസന്പന്നരും യുവതാരങ്ങളും അടങ്ങുന്നതാണ്. മുൻ ഇന്ത്യൻ ഗോൾകീപ്പറും ഐഎസ്എൽ താരവുമായ സുഭാശിഷ് റോയ് ചൗധരിയാണ് നായകൻ.
ജോപോൾ അഞ്ചേരി സഹ പരിശീലകനായ ടീം ഹോം ഗ്രൗണ്ടിലെ ആദ്യമത്സരം ജയത്തോടെ തുടങ്ങാനുള്ള സർവ ഒരുക്കങ്ങളും പൂർത്തിയാക്കി. റാഫേൽ അഗസ്റ്റോ, സയിദ് മുഹമ്മദ് നിദാൽ, ഡിസിരി ഒമ്രാൻ, മോക്കി ജീൻ ബാപ്പിസ്റ്റെ, സിയാൻഡ നിഗുന്പൊ, റോഡ്രിഗസ് അയാസോ ലൂയിസ് ഏഞ്ചൽ എന്നിവരാണ് ടീമിലെ വിദേശ താരങ്ങൾ.
സന്തോഷ് ട്രോഫി കേരള ടീം താരങ്ങളായ നിജോ ഗിൽബർട്ട്, ഹജ്മൽ സക്കീർ, അർജുൻ ജയരാജ്, കെ. അമീൻ, നിതിൻ മധു, അൽക്കേഷ് രാജ്, അജയ് അലക്സ് എന്നിവരും കെ.പി. രാഹുൽ, സാൽ അനസ്, ജെസിൽ മുഹമ്മദ്, ആസിഫ് കോട്ടയിൽ, കമൽപ്രീത് സിംഗ്, അരുണ്ലാൽ, ജഗനാഥ്, പി.വി. അനുരാഗ്, കെ. റെമിത്, ശ്രീനാഥ്, കെ. ലിജോ, കെ. നൗഫൽ എന്നിവരും ഉൾപ്പെടുന്നതാണ് ഫോഴ്സ കൊച്ചി.
കൊച്ചി ടീമിനെ അവരുടെ തട്ടകത്തിൽ വിറപ്പിക്കാനുള്ള മുന്നൊരുക്കങ്ങളുമായാണ് മലപ്പുറം എഫ്സി ആദ്യ മത്സരത്തിനെത്തുന്നത്. 2017 മുതൽ 2019വരെ ഐഎസ്എലിൽ ചെന്നൈയിൻ എഫ്സിയുടെ പരിശീലകനായിരുന്ന ജോണ് ഗ്രിഗറിയാണ് മലപ്പുറത്തിന്റെ പരിശീലകൻ.
ലീഗിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി വിലയിരുത്തപ്പെടുന്ന ടീമാണ് മലപ്പുറം എഫ്സി.ഇന്ത്യൻ മുൻതാരങ്ങളായ അനസ് എടത്തൊടിക, ഗുർജിന്ദർ കുമാർ, സന്തോഷ് ട്രോഫി നേടിയ കേരള ടീം ക്യാപ്റ്റൻ വി. മിഥുൻ എന്നിവരുടെ സാന്നിധ്യം ടീമിന്റെ കരുത്തറിയിക്കുന്നതാണ്.
ഐറ്റോർ അൽദാലുർ, പെഡ്രോ മാൻസി, ജോസെബ ബെയിറ്റിയ, അലക്സ് സാഞ്ചസ്, റൂബൻ ഗാർസസ്, സെർജിയോ ബാർബോസ എന്നിവരാണ് ടീമിലെ വിദേശ സാന്നിധ്യങ്ങൾ.