പകരക്കാരനായെത്തി ഒരു ഗോള്‍ അടിക്കുകയും മറ്റൊന്നിനു അവസരമൊരുക്കുകയും ചെയ്ത ലുക്കാ മാജ്സനാണ് പഞ്ചാബിനു ബ്ലാസ്റ്റേഴ്സിനെതിരെ ജയമൊരുക്കിയത്. വിജയ ഗോള്‍ ഇഞ്ചുറി ടൈമില്‍ ഫിലിപ് മിഴ്ലാക് നേടി. ബ്ലാസ്റ്റേഴ്സിനായി സ്പാനിഷുകാരന് ജെസ്യൂസ് ജിമെനെസാണ് ഒരെണ്ണം മടക്കിയത്.
ലൂണയുടെ അഭാവം അഡ്രിയാൻ ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ പ്രകടമായി. ലൂണ ഇല്ലാത്ത ബ്ലാസ്റ്റേഴ്സിനു ജയിക്കാൻ അറിയാത്ത അവസ്ഥയാണ് 2023 ഡിസംബറിനു ശേഷം കണ്ടുവരുന്നത് എന്നതും ഇതിനോടു ചേർത്തു വായിക്കണം.
നിശ്ചിതസമയത്തിന്റെ അവസാന നാലു മിനിറ്റിലും അഞ്ചു മിനിറ്റ് ഇഞ്ചുറി ടൈമിലുമാണ് മത്സരത്തില്‍ ഗോള്‍ പിറന്നത്. ആദ്യം പഞ്ചാബ് എഫ്സിക്കായി ലുക്കാ മാജ്സന്‍ പെനാല്‍റ്റി കിക്കിലൂടെ ഗോള്‍ നേടി. 83ാം മിനിറ്റില്‍ ലിയോണ്‍ അഗസ്റ്റിനെ ബ്ലാസ്റ്റേഴ്സിന്റെ മുഹമ്മദ് സഹീഫ് ബോക്സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി.
92-ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്സ് ആശ്വാസ ഗോള്‍ നേടി. പ്രീതം കോട്ടാല്‍ തൊടുത്ത ക്രോസില്‍ ജിമെനെസ് ഹെഡ് ചെയ്ത് ഗോളാക്കി. 95-ാം മിനിറ്റില്‍ പഞ്ചാബ് വീണ്ടും ലീഡ് നേടി. മാജ്സന്റെ നീക്കം മിഴ്ലാക് പിടിച്ചെടുത്ത് ബോക്സിലേക്ക് തൊടുത്തു. സച്ചിന് ശ്രമിച്ചെങ്കിലും തടയാനായില്ല.
അവസാന മിനിറ്റുകളിൽ ഗോൾ വഴങ്ങി പോയിന്റ് നഷ്ടപ്പെടുത്തുന്ന ദുർബലത 2024-25 സീസണിലും ബ്ലാസ്റ്റേഴ്സിന്റെ തുടർക്കഥയാകുമോ എന്നുമാത്രമാണ് അറിയേണ്ടത്. ഈ മാസം 22ന് കൊച്ചിയിൽ ഈസ്റ്റ് ബംഗാളിനെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.