ഐഒഎയ്ക്കുള്ള ധനസഹായം ഐഒസി നിർത്തി
Friday, October 11, 2024 11:49 PM IST
ന്യൂഡൽഹി: ഇന്ത്യൻ ഒളിന്പിക് അസോസിയേഷനിലെ പടലപ്പിണക്കത്തെത്തുടർന്ന് ഇന്റർനാഷണൽ ഒളിന്പിക് കമ്മിറ്റി (ഐഒസി) ധനസഹായം നൽകുന്നത് നിർത്തി.
കായികതാരങ്ങൾക്കുള്ള സ്കോളർഷിപ്പ് ഒഴികെയുള്ള സഹായം നിർത്തലാക്കാനുള്ള തീരുമാനം പുറത്തുവന്നത് ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ) അധ്യക്ഷ പി.ടി. ഉഷയും ട്രഷറർ ശരത് യാദവും തമ്മിൽ പുതിയ തർക്കത്തിന് തുടക്കമിട്ടു.
കഴിഞ്ഞ എട്ടിന് ചേർന്ന് എക്സിക്യുട്ടീവ് ബോർഡിലാണ് ഐഒഎയ്ക്കുള്ള ധനസഹായം നിർത്തിവയ്ക്കാൻ ഐഒസി തീരുമാനിച്ചത്. വെള്ളിയാഴ്ച ഇക്കാര്യം അസോസിയേഷനെ അറിയിക്കുകയും ചെയ്തു.
അടുത്ത 25നു ചേരുന്ന ഐഒഎ കമ്മിറ്റി അംഗങ്ങളുടെ യോഗത്തിൽ പി.ടി. ഉഷയെ പുറത്താൻ നീക്കം നടക്കുന്നതിനിടെയാണ് രാജ്യാന്തരസമിതിയുടെ പ്രഹരം. യോഗത്തിലെ 26 അജൻഡകളിൽ അവസാനമായാണ് ഉഷയ്ക്കെതിരേയുള്ള അവിശ്വാസ പ്രമേയം ഉൾപ്പെടുത്തിയിരിക്കുന്നത്.
15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ12 പേരും ഉഷയ്ക്കെതിരാണെന്ന് പറയപ്പെടുന്നു.
അതേസമയം, അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പി.ടി. ഉഷയെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു.