ലോക ചെസ് : നിഹാൽ സരിൻ പ്ലെയർ ഓഫ് ദി ടൂർണമെന്റ്
Monday, October 14, 2024 3:10 AM IST
തൃശൂർ: ലോകത്തെ വന്പൻ താരങ്ങൾ അണിനിരന്ന ലോക ചെസ് ടൂർണമെന്റിലെ താരമായി തൃശൂർ സ്വദേശി നിഹാൽ സരിൻ. യുകെയിലെ ഫ്രണ്ട്സ് ഹൗസിൽ നടന്ന ടെക് മഹീന്ദ്ര ഗ്ലോബൽ ചെസ് ലീഗിലാണ് നിഹാലിന്റെ മിന്നുംനേട്ടം.
വിശ്വനാഥൻ ആനന്ദ്, കാൾസാഗൻ എന്നിവരടക്കം ടൂർണമെന്റിൽ പങ്കെടുത്തു. ലോകമെന്പാടുനിന്നുമുള്ള ടീമുകൾ പങ്കെടുത്ത മത്സരത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയ പിബിജി അലാസ്കൻ നൈറ്റിന്റെ ഭാഗമാണ് നിഹാൽ. ടൂർണമെന്റിൽ ടീമിനുവേണ്ടിയും സ്വന്തം നിലയിലുമുള്ള പ്രകടനം വിലയിരുത്തിയാണ് പ്ലെയർ ഓഫ് ദ ടൂർണമെന്റ് നൽകുക.
ത്രിവേണി കോണ്ടിനന്റൽ കിഗ്സുമായുള്ള ഫൈനലിലാണ് നിഹാൽ ഉൾപ്പെട്ട ടീം രണ്ടാമതെത്തിയത്. നിഹാൽ ആറു ജയവും രണ്ടു സമനിലയും നേടിയാണ് നേട്ടം കൊയ്തത്. ജയിക്കുന്ന ടീമിന് അഞ്ചുലക്ഷം ഡോളറാണ് സമ്മാനം. രണ്ടാമതെത്തിയ ടീമിനു രണ്ടരലക്ഷം ഡോളറും ലഭിക്കും. ഫൈനലിൽ എത്തിയ ഏക ഇന്ത്യക്കാരനും നിഹാലാണ്.