ബുംറ വൈസ് ക്യാപ്റ്റൻ; പെർത്തിൽ രോഹിത് ഉണ്ടാകില്ല
Monday, October 14, 2024 3:10 AM IST
മുംബൈ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ ഉപനായകനായി പേസർ ജസ്പ്രീത് ബുംറയെ ബിസിസിഐ തെരഞ്ഞെടുത്തു. ബംഗ്ലാദേശിനെതിരേ ഇറങ്ങിയ ടീമിൽ ഉണ്ടായിരുന്ന യാഷ് ദയാലിനെ ഒഴിവാക്കിയതുമാത്രമാണ് ഏക മാറ്റം. ന്യൂസിലൻഡിനെതിരേ രോഹിത് ശർമ ഇന്ത്യയെ നയിക്കും.
അതേസമയം, ഓസ്ട്രേലിയയ്ക്കെതിരേ നംവബർ 22നു പെർത്തിൽ നടക്കേണ്ട ആദ്യ ടെസ്റ്റിൽ രോഹിത് ശർമ ഇന്ത്യൻ ടീമിൽ ഉണ്ടായേക്കില്ലെന്നും റിപ്പോർട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബുംറയെ വൈസ് ക്യാപ്റ്റനാക്കിയത്. ബംഗ്ലാദേശിനെതിരായ പരന്പരയിൽ വൈസ് ക്യാപ്റ്റനില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. 2022 മാർച്ചിൽ ശ്രീലങ്കയ്ക്കെതിരേയും 2023-24ൽ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകൾക്കെതിരേയും ബുംറ വൈസ് ക്യാപ്റ്റനായിട്ടുണ്ട്.
ന്യൂസിലൻഡിനെതിരായ ഇന്ത്യൻ ടെസ്റ്റ് ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, കെ.എൽ. രാഹുൽ, സർഫറാസ് ഖാൻ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ).